Site iconSite icon Janayugom Online

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഉക്രെയ്ന്‍ വാങ്ങിയ ആയുധങ്ങള്‍ നശിപ്പിച്ചതായി റഷ്യ

യുഎസിലും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വാങ്ങി പടിഞ്ഞാറന്‍ ഉക്രെയ്നിലെ ടെര്‍നോപില്‍ മേഖലയില്‍ ഉക്രെയ്ന്‍ സംഭരിച്ചിരുന്ന ആയുധങ്ങള്‍ നശിപ്പിച്ചതായി റഷ്യ. കിഴക്കന്‍ നഗരമായ സിവിറോഡൊണെട്സ്കില്‍ റഷ്യ‑ഉക്രെയ്ന്‍ സൈനികര്‍ തമ്മില്‍ പോരാട്ടം തുടരുകയാണ്.

കരിങ്കടലില്‍ നിന്നും ആക്രമണമുണ്ടായതായി ടെര്‍ണോപില്‍ മേഖലാ ഗവര്‍ണര്‍ സ്ഥിരീകരിച്ചു. സൈനീകകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ ആയുധശേഖരമില്ലെന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അമേരിക്കയും മറ്റ് രാജ്യങ്ങളും ഉക്രെയ്ന് ആയുധങ്ങള്‍ കൈമാറുന്നതിനെതിരെ റഷ്യ ശക്തമായി പ്രതികരിച്ചിരുന്നു. മൊബൈല്‍ റോക്കറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇത്തരം ആയുധങ്ങള്‍ സംഭരിച്ച പ്രദേശങ്ങള്‍ തകര്‍ക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം റഷ്യന്‍ സൈനിക നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധക്കൈമാറ്റം വേഗത്തിലാക്കണമെന്ന് കാണിച്ച് ഉക്രെയ്ന്‍ മറ്റ് രാജ്യങ്ങളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ലുഹാന്‍സ്ക്, ഡൊണെട്സ്ക് പ്രവിശ്യകള്‍ ഉള്‍ക്കൊള്ളുന്ന വാണിജ്യമേഖലയായ ഡോണ്‍ബാസ് പിടിച്ചെടുക്കുന്നതിനായി സിവിറോഡൊണെട്സ്ക് കേന്ദ്രീകരിച്ചാണ് റഷ്യന്‍‍ സൈനികനടപടികള്‍ നടത്തുന്നത്. ഫെബ്രുവരി 24ന് ഉക്രെയ്നിലെ റഷ്യന്‍ സൈനികനടപടി ആരംഭിച്ചതിന് പിന്നാലെ ഉക്രെയ്നിലെ പല നഗരങ്ങളും റഷ്യ നശിപ്പിച്ചിരുന്നു.

സിവിറോഡൊണെട്സ്കില്‍ റഷ്യ‑ഉക്രെയ്ന്‍ സൈന്യങ്ങളുടെ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ലുഹന്‍സ്ക് ഗവര്‍ണര്‍‍ സെല്‍ഹി ഗയ്ഡയ് പറഞ്ഞു. നഗരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും റഷ്യന്‍ സേന ഏറ്റെടുത്തുവെങ്കിലും വാണിജ്യമേഖലയും കെമിക്കല്‍ പ്ലാന്റും ഉക്രെയ്ന്റെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് പ്ലാന്റില്‍ അഭയം തേടിയിരിക്കുന്നത്. ഈ പ്ലാന്റിനു നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish summary;russia ukraine war

You may also like this video;

Exit mobile version