Site iconSite icon Janayugom Online

ആയിരംദിനങ്ങൾ പിന്നിട്ട റഷ്യ‑ഉക്രെയ്ന്‍ യുദ്ധം

റഷ്യ‑ഉക്രെയ്ന്‍ യുദ്ധം നവംബർ 19ന് 1,000 ദിനങ്ങൾ പിന്നിട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിൽ നടക്കുന്ന ദൈർഘ്യമേറിയ യുദ്ധത്തെത്തുടർന്നുള്ള ഗതിവിഗതികൾ ലോകം ഏറെ ഉത്ക്കണ്ഠയോടെയാണ് നോക്കികാണുന്നത്. യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യൻ സൈനികലക്ഷ്യങ്ങൾക്ക് നേരെ പ്രയോഗിച്ചുകൊണ്ടാണ് ഉക്രെയ്ൻ യുദ്ധത്തിന്റെ ആയിരംദിനത്തെ അടയാളപ്പെടുത്തിയത്. മിസൈലുകൾ ജീവനാശം ഉൾപ്പെടെ കാര്യമായ കെടുതികളൊന്നും റഷ്യയിൽ ഉണ്ടാക്കിയിട്ടില്ല എന്നാണ് അവരുടെ അവകാശവാദം. അവയില്‍ ഒന്നൊഴികെ എല്ലാം ലക്ഷ്യത്തിൽ പതിക്കുംമുമ്പ് തകർത്തതായും റഷ്യ അവകാശപ്പെടുന്നു. എന്നാൽ ഉക്രെയ്ന്റെ യുഎസ് മിസൈൽ പ്രയോഗത്തെത്തുടർന്ന് യുദ്ധം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന പരിധി ലംഘിച്ചിരിക്കുന്നുവെന്നാണ് റഷ്യൻ ഭാഷ്യം. ഉക്രെയ്ന്റെ മണ്ണിൽ നിന്നും യുഎസ് മിസൈൽ പ്രയോഗിക്കാൻ അനുമതി നൽകുകവഴി അവരും തങ്ങൾക്കെതിരായ യുദ്ധത്തിൽ നേരിട്ട് പങ്കാളികളായിരിക്കുന്നുവെന്നാണ് റഷ്യയുടെ വിലയിരുത്തൽ. തദനുസൃതമായി തങ്ങളുടെ ആണവയുദ്ധ സിദ്ധാന്തം ഭേദഗതി ചെയ്തതായി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. അത് റഷ്യ‑ഉക്രെയ്ൻ യുദ്ധത്തെ ആണവയുദ്ധമാക്കി മാറ്റിയേക്കാമെന്ന ആശങ്ക യൂറോപ്പിലും ലോകത്താകെയും ശക്തിയാർജിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയാനും ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാനും 60 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തങ്ങൾ നൽകിയ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ ഉക്രെയ്‌ന് അനുമതി നൽകിയത് ദുരൂഹവും അമ്പരപ്പിക്കുന്നതുമാണ്. 

നിയുക്ത പ്രസിഡന്റ് റഷ്യ‑ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കാലത്തും വിജയത്തെ തുടർന്നും ആവർത്തിച്ചുകൊണ്ടിരിക്കെയാണ് ബൈഡന്റെ നിലപാടിൽ പൊടുന്നനെയുണ്ടായ മാറ്റം. അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുരാജ്യങ്ങളിലെയും ജനതകൾ മാത്രമല്ല യൂറോപ്പും ലോകവും ആശങ്കാകുലരാവുക സ്വാഭാവികമാണ്. ആയിരംദിനങ്ങൾ പിന്നിട്ട യുദ്ധം ഇരുരാജ്യങ്ങൾക്കും കനത്ത ആൾനാശമുൾപ്പെടെ വർണനാതീതമായ ദുരിതങ്ങളാണ് നൽകിയിട്ടുള്ളത്. അതിന്റെ പ്രത്യാഘാതം ആ രാജ്യങ്ങളെ മാത്രമല്ല ലോകത്തെയാകെ ഗ്രസിക്കുകയും കെടുതികൾ വരാൻപോകുന്ന നിരവധിവർഷങ്ങൾ ജനജീവിതത്തെ വേട്ടയാടുകയും ചെയ്യും. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്കുണ്ടായ ആൾനാശത്തിന്റെയും ഭൗതിക നാശനഷ്ടങ്ങളുടെയും യഥാർത്ഥ കണക്കുകൾ വസ്തുനിഷ്ഠമായി ഇനിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ വർഷം ആരംഭത്തിൽ പുറത്തുവന്ന, ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത കണക്കുകളനുസരിച്ച് ഉക്രെയ്‌ന് മാത്രം നഷ്ടമായ സൈനികരുടെ എണ്ണം 80,000ത്തിൽ അധികമായിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം അനേകായിരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടാവണമെന്ന് സിവിലിയൻ മേഖലയിലെ ഭീമമായ നാശനഷ്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉക്രെയ്ന്‍ തലസ്ഥാനമായ കീവടക്കം നഗരങ്ങൾക്കും പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും ഉണ്ടായ നാശം വിവരണാതീതമാണ്. യുദ്ധത്തെത്തുടർന്ന് രാജ്യംവിട്ട് പലായനം ചെയ്തവരുടെ എണ്ണം 60ലക്ഷത്തിലും അധികമാണെന്നാണ് കണക്കാക്കുന്നത്. 2,00,000 റഷ്യൻ ഭടന്മാരെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 4,00,000ത്തിലധികം പേർക്ക് ജീവിതം ദുഷ്കരമാക്കുന്ന പരിക്കുകളേറ്റിട്ടുണ്ട്. അവിടുത്തെ സിവിലിയൻ ജീവനാശത്തിന്റെ കണക്കുകൾ ഇപ്പോഴും രാഷ്ട്രരഹസ്യമായി തുടരുകയാണ്. 

യുദ്ധത്തിന് മുമ്പുതന്നെ ഗുരുതരമായ ജനസംഖ്യാ ക്ഷയത്തെ നേരിട്ടിരുന്ന രാജ്യങ്ങളാണ് രണ്ടും. യുദ്ധം മൂലമുള്ള ആൾനാശം ഇരുരാജ്യങ്ങളെയും കടുത്ത ജനസംഖ്യാ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം സൃഷ്ടിച്ച വൈകാരികവും മാനസികവുമായ തകർച്ചയിൽനിന്നും ജനങ്ങളെ സാധാരണ നിലയിലേക്ക് തിരികെക്കൊണ്ടുവരിക ഇരുരാജ്യങ്ങൾക്കും കനത്ത വെല്ലുവിളിയായിരിക്കും. യുദ്ധത്തിന്റെ കെടുതികൾക്ക് ഇരയായ സമ്പദ്ഘടനയുടെ പുനർനിർമ്മാണത്തിന് ഭീമമായ നിക്ഷേപം ആവശ്യമാണ്. ഉക്രെയ്ന്റെ പുനർനിർമ്മാണത്തിന് മാത്രം 48,600 കോടി ഡോളർ ആവശ്യമായിവരുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ ലോകബാങ്ക് കണക്കാക്കിയിരുന്നത്. ലോകത്തെ പ്രധാനപ്പെട്ട രണ്ട് ധാന്യ കയറ്റുമതി രാഷ്ട്രങ്ങളാണ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആഗോള ഭക്ഷ്യവിലയിലും സുരക്ഷിതത്വത്തിലും യുദ്ധം സൃഷ്ടിച്ച വെല്ലുവിളി അപരിഹാര്യമായി തുടരുകയാണ്. യുദ്ധം ലോകത്തിന്റെ ഇന്ധന സുരക്ഷയെയും വിലസ്ഥിരതയെയും തകിടംമറിച്ചു. ജോ ബൈഡൻ തന്റെ കാലാവധി അവസാനിക്കാൻ ആഴ്ചകൾമാത്രം ബാക്കിനിൽക്കെ, യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ ഉക്രെയ്‌നെ അനുവദിച്ചത് യുദ്ധത്തിലേക്ക് നാറ്റോ സഖ്യത്തെ വലിച്ചിഴയ്ക്കാൻ വഴിവയ്ക്കുമോ എന്ന ആശങ്ക ശക്തമാക്കുന്നു. അത് ആണവായുധ പ്രയോഗസാധ്യതയടക്കം മറ്റൊരു ലോകയുദ്ധത്തിന്റെ ഭീഷണിയാണ് ഉയർത്തുന്നത്. താൻ അധികാരത്തിലെത്തിയാൽ റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന് അറുതിവരുത്തുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രവചനാതീതമായ സ്വഭാവവെെകൃതം തടസം സൃഷ്ടിക്കുന്നു. മാത്രമല്ല നിലവിൽ ഉക്രെയ്ൻ പക്ഷാനുകൂലമായ നിയമങ്ങളുടെയും നിലപാടുകളുടെയും കടമ്പ കടക്കാൻ എത്രവേഗം കഴിയുമെന്നതിലും വ്യക്തതയില്ല. ആഗോള രാഷ്ട്രീയ സാമ്പത്തിക ക്രമത്തെയും ജനങ്ങളുടെ ജീവിതസുരക്ഷിതത്വത്തെയും നിർണായകമായി സ്വാധീനിക്കുന്ന റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന് വിരാമമിടാൻ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയടക്കം ബഹുരാഷ്ട്ര സംവിധാനങ്ങളും എന്തുചെയ്യുന്നുവെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Exit mobile version