Site icon Janayugom Online

റഷ്യന്‍ ആക്രമണം തുടരുന്നു: വെടിനിര്‍ത്തല്‍ പ്രഖ്യാപനം, ചര്‍ച്ച

ukraine

പതിമൂന്നാം ദിവസത്തിലേയ്ക്ക് കടക്കുന്ന ഉക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണം തുടരുന്നു. പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ റഷ്യയുടെ മൂന്നാം വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇന്നലെയുണ്ടായി. എന്നാല്‍ ആദ്യരണ്ടുവട്ടമെന്നതുപോലെ ഇതും പാഴാകുമെന്നാണ് വാര്‍ത്തകള്‍. ഇരുവിഭാഗങ്ങളും മൂന്നാഘട്ട ചര്‍ച്ചയ്ക്കും തയാറായി.

കീവ്, കര്‍കീവ്, സുമി, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് പുറത്തുപോകുന്നതിന് മാനുഷിക ഇടനാഴികള്‍ സൃഷ്ടിക്കുമെന്നായിരുന്നു റഷ്യ അറിയിച്ചിരുന്നത്. എന്നാല്‍ നേരത്തെ രണ്ടുതവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നടപ്പിലാകാത്തതിനാല്‍ ഉക്രെയ്ന്‍ ഇത് നിരാകരിക്കുകയായിരുന്നു.

റഷ്യന്‍ ഷെല്‍വര്‍ഷം കീവ്, മരിയുപോള്‍, സുമി, കാര്‍കീവ്, വോള്‍നോവാഖ, മൈകോലായിവ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് തടസമാകുന്നുവെന്ന് ഉക്രെയ്‌ന്‍ വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. ഇതിനിടെ നാളെ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഉക്രെയ്ന്റെ ദിമിത്രി കുലേബ, സെര്‍ജി ലവ്‌റോവ് എന്നിവരുമായി സംസാരിച്ചശേഷം തുര്‍ക്കി വിദേശകാര്യവകുപ്പു മന്ത്രി മെവ്‌ലത്ത് കവുസോഗ്‌ലു ആണ് ഇക്കാര്യം അറിയിച്ചത്. സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാലു ബസുകളിലായി അതിര്‍ത്തിയിലെത്തിക്കുന്നതിന് വിദ്യാഭ്യാസ ഏജന്‍സി തയാറായെങ്കിലും വഴികളില്‍ വെടിവയ്പ് നടക്കുന്നതിനാല്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. റഷ്യന്‍ ആക്രമണത്തിനിടെ കീവിനടുത്തുള്ള ഗോസ്റ്റമല്‍ നഗരത്തിന്റെ മേയര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും നല്കുന്നതിനിടെയാണ് മേയര്‍ ഇല്ലിച്ച് പ്രിലിപ്കോ മരിച്ചത്.

റഷ്യന്‍ ആക്രമണം തുടരുകയാണെങ്കില്‍ 50 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാകുമെന്ന് യൂറോപ്യന്‍ യൂണിയനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജോസഫ് ബോറെല്‍ പറഞ്ഞു. ഇതിനകം പോളണ്ടില്‍ മാത്രം പത്തുലക്ഷം അഭയാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാമെന്ന് ചൈന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 202 സ്കൂളുകളും 34 ആശുപത്രികളും 1500ലധികം പാര്‍പ്പിട സമുച്ചയങ്ങളും റഷ്യ തകര്‍ത്തുവെന്ന് ഉക്രെയ്ന്‍ കുറ്റപ്പെടുത്തി. ആയിരത്തോളം വാസസ്ഥലങ്ങളില്‍ വെള്ളവും വെളിച്ചവുമില്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

Eng­lish Sum­ma­ry: Russ­ian aggres­sion con­tin­ues: cease­fire dec­la­ra­tion, discussion

You may like this video also

Exit mobile version