Site icon Janayugom Online

ഉക്രെയ്ന്റെ പടിഞ്ഞാറന്‍ നഗരങ്ങളിലും റഷ്യന്‍ വ്യോമാക്രമണം

airstrike

ഉക്രെയ്നിലെ സൈനിക നടപടി മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ റഷ്യ വ്യോമാക്രമണം വ്യാപകമാക്കി. ഇന്നലെ രണ്ട് പടിഞ്ഞാറന്‍ നഗരങ്ങള്‍ ഉള്‍പ്പെടെ മൂന്നിടത്ത് റഷ്യ വ്യോമാക്രമണം നടത്തി. നിലവില്‍ ആക്രമണം നടക്കുന്ന മേഖലയില്‍ നിന്ന് ഏറെ ദൂരെയുള്ള പ്രദേശങ്ങളിലാണ് ഇന്നലെ വ്യോമാക്രമണമുണ്ടായത്. ലുട്സ്ക്, ഇവാനൊ-ഫ്രാന്‍കിവ്സ്ക് എന്നിവിടങ്ങളിലും നിപെര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിപ്രൊ നഗരത്തിലെ ജനവാസ മേഖലയിലുമാണ് ഇന്നലെ വ്യോമാക്രമണമുണ്ടായത്. ഉക്രെയ്നിലെ തന്ത്രപ്രധാന പ്രദേശമായാണ് നിപ്രൊ നഗരത്തെ കണക്കാക്കുന്നത്.

40 മൈല്‍ നീളത്തിലുള്ള റഷ്യന്‍ സൈനിക വ്യൂഹം ഉക്രെയ്ന്‍ തലസ്ഥാനത്തോട് അടുത്തുകൊണ്ടിരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ടിരുന്നു. വടക്ക് പടിഞ്ഞാറന്‍ നഗരങ്ങളെ ലക്ഷ്യമാക്കി സൈനികവ്യൂഹത്തെ വിന്യസിച്ചതായാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

കീവിന്റെ വടക്ക്, പടി‍ഞ്ഞാറ് മേഖലകളില്‍ പ്രതിരോധം ശക്തമാക്കി റഷ്യന്‍ സൈന്യത്തെ തടയാനാണ് ഉക്രെയ്ന്‍ ശ്രമിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. കീവിന്റെ കിഴക്കന്‍ മേഖലയായ ബ്രോവറിയിലും അപകട സാധ്യത നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോപോളിറ്റന്‍ മേഖലയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന രണ്ട് ദശലക്ഷം ആളുകള്‍ തലസ്ഥാനം വിട്ടതായി കീവ് മേയര്‍ വിതാലി ക്ലിടാലിസ്ച്കോ പറഞ്ഞു. ഒരോ വഴികളിലും ഒരോ വീടുകളിലും ഉക്രെയ്ന്‍ റഷ്യക്കെതിരായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Russ­ian airstrikes on west­ern cities in Ukraine

You may like this video also

Exit mobile version