Site iconSite icon Janayugom Online

അഞ്ച് വർഷത്തിനിടെ റഷ്യയില്‍ നിന്നും വാങ്ങിയത് ഒരുലക്ഷം കോടിയുടെ ആയുധങ്ങള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റഷ്യയില്‍ നിന്നും ഇന്ത്യ 1.3 കോടി ഡോളറിന്റെ (ഏകദേശം 1.07 ലക്ഷം കോടി രൂപ ) ആയുധങ്ങള്‍ വാങ്ങി. കൂടാതെ ഒരു കോടി ഡോളറിന്റെ ആയുധങ്ങള്‍ക്കും സെെനിക ഉപകരണങ്ങള്‍ക്കുമായി കരാര്‍ നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ അഥവാ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. അവരുടെ നിലവിലെ ആയുധകരാറുകളില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. റഷ്യയുടെ വാര്‍ഷിക ആയുധ കയറ്റുമതി ഏകദേശം 1.4–1.5 കോടി ഡോളറാണ്.

എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഒസ, പെച്ചോറ അഥവ സ്ട്രെല പോലുള്ള ഹ്രസ്വ‑ദൂര ഉപരിതല‑വിമാന മിസൈൽ സംവിധാനങ്ങൾ, എസ്‌യു-30 യുദ്ധവിമാനങ്ങൾ, എംഐ‑28, കെഎ‑50 ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയിൽ ഏഷ്യൻ രാജ്യങ്ങള്‍ക്ക് പ്രത്യേക താല്പര്യമുണ്ട്. ഇന്നലെ ബംഗളൂരുവില്‍ ആരംഭിച്ച 14-ാമത് എയ്‌റോ ഇന്ത്യയിൽ 200 ഓളം വിമാനങ്ങളും ആയുധങ്ങളും ഉപകരണങ്ങളും റഷ്യ അവതരിപ്പിക്കുന്നുണ്ട്.

റഷ്യയുടെ ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യയും ചൈനയും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും താല്പര്യം പുലർത്തുന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്‌നിക്കൽ കോഓപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവ് പറഞ്ഞു. ഉക്രെയ്ന്‍ സംഘര്‍ഷത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടിരുന്നത്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും സൈനിക‑സാങ്കേതിക സഹകരണ മേഖലയിലെ റഷ്യയുടെ പ്രധാന പങ്കാളികളിൽ ഒന്നായി ഇന്ത്യ തുടരുന്നുണ്ട്. യുഎസ്-യൂറോപ്യന്‍ ഉപരോധം എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് അനുകൂല ഘടകമായും മാറിയിരുന്നു.

Eng­lish Sum­ma­ry: Arms worth one lakh crores were bought from Rus­sia in five years
You may also like this video

Exit mobile version