Site iconSite icon Janayugom Online

സെലൻസ്കിയുടെ ജന്മനഗരത്തിൽ റഷ്യന്‍ ആക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ജന്മനഗരമായ ക്രെെവി റിഗില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസെെല്‍ ആക്രമണത്തില്‍ ഒമ്പത് കുട്ടികളുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം. കുട്ടികളുടെ കളിസ്ഥലത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് മിസെെല്‍ പതിച്ചതെന്ന് ക്രെെവി റിഗ് സെെനിക ഭരണ മേധാവി ഒലെക്സാണ്ടർ വിൽകുൽ പറഞ്ഞു. 

നഗരത്തിലെ റസ്റ്റോറന്റിൽ ഉയർന്ന സ്‌ഫോടനശേഷിയുള്ള മിസൈൽ ഉപയോഗിച്ച് കൃത്യതയുള്ള ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ യൂണിറ്റുകൾ ഒറ്റരാത്രികൊണ്ട് 49 ഉക്രെയ‍്നിയന്‍ ഡ്രോണുകള്‍ നശിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച പൂര്‍ണ തോതിലുള്ള സെെനിക നടപടി അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് താല്പര്യമില്ലെന്ന് ക്രെെവി റിഗിന് നേരെയുള്ള മിസെെല്‍ ആക്രമണം തെളിയിക്കുന്നുവെന്ന് സെലന്‍സ്കി പറഞ്ഞു. റഷ്യ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ മിസെെലാക്രമണം പതിവായി നടക്കുന്ന മേഖലയാണ് ക്രെെവി റിഗ്. ഇസ്കാൻഡർ മിസെെല്‍ ഉപയോഗിച്ചാണ് ക്രെെവി റിഗില്‍ റഷ്യ ആക്രമണം നടത്തിയതെന്ന് ഉക്രെയ‍്ന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

Exit mobile version