Site icon Janayugom Online

ഉക്രെയ്‌നുള്ള റഷ്യന്‍ നഷ്ട‌പരിഹാരം: യുഎൻ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു

റഷ്യ ഉക്രെയ്‍ന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഉക്രെയ്‍ന്‍ അവതരിപ്പിച്ച ഉക്രെയ്‍നെതിരെയുള്ള ആക്രമണത്തിനുള്ള പ്രതിവിധിയും നഷ്ടപരിഹാരവും എന്ന കരട് പ്രമേയം 193 അംഗ ജനറല്‍ അസംബ്ലിയില്‍ 94 രാജ്യങ്ങള്‍ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട്ചെയ്തപ്പോള്‍, 73 രാജ്യങ്ങള്‍ വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, ചെെന, ക്യൂബ, ഉത്തരകൊറിയ, ഇറാന്‍ സിറിയ എന്നീ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട്ചെയ്തത്. 

ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രസീല്‍, ഈജിപ്റ്റ്, ഇന്തോനേഷ്യ, ഇസ്രയേല്‍, നേ­പ്പാള്‍, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സംഘര്‍ഷം മൂലമുണ്ടായ ജീവഹാനി, അഭയാര്‍ത്ഥി പ്രശ്നം, അടിസ്ഥാന സൗകര്യങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും നാശം, പൊതു- സ്വകാര്യ സ്വത്തുക്കളുടെ നഷ്ടം, സാമ്പത്തിക ദുരന്തം എന്നിവയില്‍ പ്രമേയം കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നഷ്ടപരിഹാര പ്രക്രിയ സഹായകരമാവില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അത്തരമൊരു നടപടിയുടെ നിയമപരമായ സാധുത അവ്യക്തമാണെന്നും ഇന്ത്യയുടെ യുഎന്‍ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. സമാധാന ചര്‍ച്ചകളുടെ സാധ്യതയ്ക്ക് തടസം സൃഷ്ടിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയുമുള്ള പരിഹാരമാണ് ആവശ്യമെന്നാണ് വിഷയത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാട്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍, മനുഷ്യാവകാശ കൗണ്‍സില്‍ എന്നിവയുള്‍പ്പെടെ റഷ്യ- ഉക്രെയ്‍ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. 

Eng­lish Sum­ma­ry: Russ­ian com­pen­sa­tion for Ukraine: India abstains from UN vote

You may also like this video

Exit mobile version