സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ, മൂന്ന് ഉക്രെയ‍്ന്‍ നഗരങ്ങളില്‍ റഷ്യയുടെ ഡ്രോണാക്രമണം. ഒരു കുട്ടി കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളുടെ 1,000 കിലോമീറ്റർ (620 മൈൽ) പരിധിയില്‍ റഷ്യന്‍ സെെന്യം മുന്നേറ്റം നടത്തി. റഷ്യ ഒറ്റരാത്രികൊണ്ട് 426 ഡ്രോണുകളും 24 മിസൈലുകളും വിക്ഷേപിച്ചതായും മാസങ്ങൾക്കിടെ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിതെന്നും ഉക്രെയ്ൻ വ്യോമസേന അറിയിച്ചു.
224 റഷ്യൻ ഡ്രോണുകളും മിസൈലുകളും തകര്‍ത്തതായും 203 ഡ്രോണുകൾ റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായെന്നും വ്യോമസേന കൂട്ടിച്ചേര്‍ത്തു. കീവ്, ക്രാമറ്റോർസ്ക്, സുമി എന്നിവിടങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുർക്കിയിൽ ഉക്രെയ‍്നുമായി നടക്കാനിരിക്കുന്ന ചർച്ചകളിൽ തീരുമാനം ഉണ്ടാകാനുള്ള സാധ്യത മങ്ങിയതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. മുൻ പ്രതിരോധ മന്ത്രിയും സുരക്ഷാ കൗൺസിലിന്റെ നിലവിലെ സെക്രട്ടറിയുമായ റസ്റ്റം ഉമെറോവാണ് ഉക്രെയ്ന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്. പ്രതിനിധി സംഘത്തെ റഷ്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

