Site iconSite icon Janayugom Online

ഡാഗെസ്താനിൽ റഷ്യൻ ഹെലികോപ്റ്റർ തീപിടിച്ച് തകർന്നുവീണു; അഞ്ച് മരണം

റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം. പ്രതിരോധ ബന്ധമുള്ള ഒരു വ്യോമയാന കമ്പനിയിലെ മുതിർന്ന ജീവനക്കാരുമായി പോയ റഷ്യൻ കെ എ‑226 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കിസ്ലിയാറിൽ നിന്ന് ഇസ്ബർബാഷിലേക്ക് പറക്കുകയായിരുന്ന ഹെലികോപ്റ്ററിന് പറക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. കാസ്പിയൻ കടലിനടുത്തുള്ള ഒരു കടൽത്തീരത്ത് വിമാനം ഇടിച്ചിറക്കി അടിയന്തര ലാൻഡിംഗിന് പൈലറ്റ് ശ്രമിച്ചെങ്കിലും, ഹെലികോപ്റ്ററിൻ്റെ വാൽ ഒടിഞ്ഞതോടെ ഇത് ഒരു വീടിൻ്റെ മുറ്റത്ത് തകർന്നുവീഴുകയായിരുന്നു.

നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റിന് വിമാനം ആഴം കുറഞ്ഞ വെള്ളത്തിന് മുകളിലൂടെ ഉയർത്താൻ കഴിഞ്ഞെങ്കിലും പിന്നീട് തകർന്നു വീഴുകയായിരുന്നു. ഹെലികോപ്റ്ററിൻ്റെ വാൽ ഒടിഞ്ഞ് നിലത്തേക്ക് വീഴുന്നതും നിയന്ത്രണം നഷ്ടപ്പെടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ ഏകദേശം 80 ചതുരശ്ര മീറ്ററോളം പടർന്ന തീ രക്ഷാപ്രവർത്തകരെത്തിയാണ് അണച്ചത്. മൂന്ന് യാത്രക്കാരെയും പൈലറ്റിനെയും അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തെങ്കിലും 5 പേരും പിന്നീട് മരണപ്പെട്ടതായി ഡാഗെസ്താൻ ആരോഗ്യമന്ത്രി യാരോസ്ലാവ് ഗ്ലാസോവ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Exit mobile version