നിരായുധനായ പൗരനെ വധിച്ചതിന് ഉക്രെയ്ന്‍ കോടതി റഷ്യന്‍ സൈനികനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. റഷ്യ ആക്രമണം തുടങ്ങിയ ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയാണിത്. ഫെബ്രുവരി 28 നു വടക്കുകിഴക്കന്‍ ഉക്രെയ്‌നിലെ ചുപഖീവ്ക ഗ്രാമത്തില്‍ ഒലെക്സാന്‍ഡര്‍ ഷെലിപോവ് (62) എന്നയാളെ വെടിവച്ചുകൊന്ന കേസിലാണു വദിം ഷിഷിമറിന്‍ (21) എന്ന റഷ്യന്‍ ടാങ്ക് കമാന്‍ഡറെ ശിക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണു വിചാരണ ആരംഭിച്ചത്. കോടതിവിധിയോടു റഷ്യ പ്രതികരിച്ചിട്ടില്ല.
ഇതേസമയം, യുക്രെയ്ന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി ബോറിസ് ബോണ്‍ദരേവ് രാജിവച്ചു. ജനീവയില്‍ ജോലി ചെയ്യുന്ന അദ്ദേഹം സമൂഹമാധ്യമത്തിലൂടെയാണു ഇക്കാര്യം പുറത്തുവിട്ടത്.
സൈനിക ബാരക്കുകള്‍ക്കു നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. ഒറ്റ ആക്രമണത്തില്‍ യുക്രെയ്ന്‍ നേരിട്ട ഏറ്റവും വലിയ ആശനാശമാണിത്. മേയ് 17ന് നടന്ന ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. കിര്‍ണീവ് മേഖലയിലെ ഡെസ്‌നയില്‍ സൈനികപരിശീലനകേന്ദ്രത്തിലാണു റഷ്യയുടെ മിസൈലുകള്‍ പതിച്ചത്. 87 മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പുറത്തെടുത്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു.
ലുഹാന്‍സ്‌കിലെ സീവിയറോഡോണെറ്റ്‌സ്‌കില്‍ റഷ്യയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യന്‍ സേന ഇവിടെ നിന്നു പിന്‍വാങ്ങുന്നതായാണു റിപ്പോര്‍ട്ട്. റഷ്യ പിടിച്ചെടുത്ത മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കുനിര്‍മാണ ഫാക്ടറി മേഖലയില്‍നിന്ന് കുഴിബോംബുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. യുക്രെയ്ന്‍ സൈന്യം കുഴിച്ചിട്ട 100 സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയെന്നു റഷ്യ അറിയിച്ചു.
English summary; Russian invasion; Russian soldier jailed for life in Ukraine’s first war crimes trial
You may also like this video;