Site iconSite icon Janayugom Online

ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ടിവി ചാനലില്‍ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമപ്രവര്‍ത്തക വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടു

ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യന്‍ സര്‍ക്കാരിന്‍റെ ടിവി ചാനലില്‍ ലൈവ് പ്രോഗ്രാം നടക്കുന്നതിനിടെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമപ്രവര്‍ത്തക വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 44 കാരിയായ മറീന ഓവ്സ്യാനിക്കോവയാണ് വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറീന ഓവ്സ്യാനിക്കോവയുടെ പേര് റഷ്യയുടെ ‘വാണ്ടഡ് ലിസ്റ്റിൽ’ വന്നിരുന്നു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ചാനൽ വൺ വാർത്താ ചാനലിലാണ് മറീന യുദ്ധ വിരുദ്ധ പോസ്റ്ററുമായി സ്റ്റുഡിയോയിൽ എത്തിയത്. വാർത്ത വായിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകയ്ക്കു പുറകിലായി, യുദ്ധ വിരുദ്ധ ബാനർ ഉയർത്തി നിൽക്കുകയായിരുന്നു മറീന ഓവ്സ്യാനിക്കോവ ചെയ്തത്. ‘യുദ്ധം വേണ്ട, യുദ്ധം നിർത്തുക, നുണപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക, അവർ നിങ്ങളോട് നുണപറയുകയാണ്’ എന്നിങ്ങനെ എഴുതിവെച്ച പോസ്റ്ററാണ് മറീന ഉയർത്തിക്കാട്ടിയത്.

മറീനയുടെ ഭർത്താവാണ് ഇവർ വീട്ടുതടങ്കലിൽ നിന്ന് 11കാരിയായ മകളുമൊത്ത് രക്ഷപ്പെട്ട വിവരം പുറത്തറിയിക്കുന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച മറീനയുടെ പേര് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. മറീനയുടെ ചിത്രം സഹിതമാണ് ഓൺലൈൻ വാണ്ടഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; Russ­ian jour­nal­ist escapes house arrest after protest­ing Ukraine inva­sion on TV channel

You may also like this video;

Exit mobile version