Site iconSite icon Janayugom Online

ഉക്രെയ്‍നില്‍‍ ഇന്ത്യക്കാര്‍ വംശീയാധിക്ഷേപം നേരിടുന്നതായി ഇന്ത്യന്‍ വംശജനായ റഷ്യന്‍ നിയമസഭാംഗം

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉക്രെയ്‍നില്‍ വലിയതോതിലുള്ള വിവേചനങ്ങള്‍ക്ക് ഇരകളാകുന്നതായി ഇന്ത്യന്‍ വംശജനായ റഷ്യന്‍ നിയമസഭാംഗം അഭയ് സിങ്. ഉക്രെയ്ന്‍ സര്‍ക്കാരും ജനങ്ങളും ഇന്ത്യക്കാരോട് വേര്‍തിരിവ് കാണിക്കുന്നു.

കീവ്, കാര്‍കീവ് പോലുള്ള വലിയ നഗരങ്ങളിലേക്ക് ബസിലും ട്രെയിനിലും യാത്ര ചെയ്യാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാറില്ലെന്ന് യുണൈറ്റഡ് റഷ്യ പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റഷ്യന്‍ പാര്‍ലമെന്റംഗം അഭയ് സിങ് പറഞ്ഞു. ബിഹാറാണ് അഭയ് സിങിന്റെ സ്വദേശം.

കര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതില്‍ ദുഖമുണ്ടെന്നും കുട്ടിയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും അഭയ് സിങ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശാന്തനും നിശ്ചയദാര്‍ഢ്യവുമുള്ള വ്യക്തിയാണ്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുന്‍പ് പുടിന്‍ കെജിബിയില്‍ ചാരവൃത്തി നടത്തിയിരുന്നു.

ഇത്തരത്തിലുള്ള മുന്‍പരിചയങ്ങള്‍ രാജ്യത്തിന്റെ താല്പര്യമനുസരിച്ച് തീരുമാനമെടുക്കാന്‍ പുടിനെ സഹായിക്കും. സാമ്പത്തിക ഉപരോധമെന്ന അമേരിക്കയുടെ ഭീഷണിയും റഷ്യയില്‍ വിലപ്പോകില്ല. സൈനിക നടപടിയുടെ സാധ്യത മുന്നില്‍ കണ്ട് സാമ്പത്തിക ഉപരോധം മറികടക്കാനുള്ള നീക്കങ്ങള്‍ റഷ്യ നടത്തിയിരുന്നു, അഭയ് സിങ് പറഞ്ഞു.

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അടുത്തുവരെ റഷ്യന്‍ സേനയെ വിന്യസിച്ചിരിക്കുകയാണ്. മിസൈല്‍ പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. പാശ്ചാത്യശക്തികളില്‍ നിന്ന് ഏത് തരത്തിലുള്ള ആക്രമണങ്ങളുണ്ടായാലും റഷ്യ ചെറുത്തുനില്‍ക്കുമെന്നും അഭയ് സിങ് പറഞ്ഞു.

eng­lish sum­ma­ry; Russ­ian law­mak­er of Indi­an descent says Indi­ans face racism in Ukraine

you may also like this video;

Exit mobile version