Site iconSite icon Janayugom Online

റഷ്യന്‍ സെെനിക നടപടി; മരിയുപോളില്‍ കൊല്ലപ്പെട്ടവരില്‍ 210 കുട്ടികള്‍, മരണസംഖ്യ 5000 ആയി ഉയര്‍ന്നു

റഷ്യന്‍ സെെനിക നടപടിയില്‍ മരിയുപോളില്‍ 5, 000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍. കൊല്ലപ്പെട്ടവരില്‍ 210 പേര്‍ കുട്ടികളായിരുന്നുവെന്നും മരിയുപോള്‍ സിറ്റി മേയര്‍ അറിയിച്ചു. നഗരത്തിലെ ആശുപത്രി കെട്ടിടത്തിനു നേരെയുള്ള ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്ന കണക്കും സിറ്റി മേയര്‍ പുറത്തുവിട്ടു. മരിയുപോളിലെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിച്ചു. 1,60,000 പേർ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ റെഡ് ക്രോസിന്റെ മാനുഷിക സഹായ സംഘം നഗരത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കീവിനു ചുറ്റുമുള്ള പട്ടണങ്ങളിൽ നിന്ന് കുറഞ്ഞത് 410 സാധാരണക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഉക്രെയ്‍ന്‍ അധികൃതര്‍ പറയുന്നത്. 

കിഴക്കന്‍ ഉക്രെയ്‍നിലെ ഡോണ്‍ബാസ് മേഖലയെ ലക്ഷ്യം വച്ചുള്ള സെെനിക നീക്കത്തിനാണ് റഷ്യ പദ്ധതിയിടുന്നതെന്ന് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി ആരോപിച്ചു. ഡോണ്‍ബാസ് മേഖലയിലെ പൗരന്‍മാരോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനും സെലന്‍സ്‍കി നിര്‍ദേശിച്ചു. റഷ്യക്കുമേലുള്ള ഉപരോധം യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമാക്കണമെന്നും സെലന്‍സ്‍കി ആവശ്യപ്പെട്ടു. റഷ്യയിലെ അമേരിക്കൻ നിക്ഷേപങ്ങളുടെ നിരോധനവും പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെയും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെയും കുടുംബങ്ങൾക്ക് ഉപരോധവും ഉൾപ്പെടെ റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ കൂടുതൽ ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. 

റഷ്യക്കെതിരായ പ്രതിരോധത്തിനായി ആയുധങ്ങള്‍ നല്‍കണമെന്ന് ഉക്രെയ്‍ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ നാറ്റോ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ നിന്ന് നിന്ന് ഏകദേശം 24,000 സൈനികരെ റഷ്യ പിന്‍വലിച്ചതായാണ് വിവരം. ഡോണ്‍ബാസ് മേഖലയിലേക്ക് സെെന്യത്തെ പുനര്‍വിന്യസിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പിന്‍വലിക്കല്‍ നടപടിയെന്നാണ് ഉക്രെയ്‍ന്റെ ആരോപണം. അതിനിടെ, ഉക്രെയ്‍ന്റെ നാല് ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ തര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.മെെക്കോലെെവ്, കര്‍കീവ്,സപോരീഷ്യ, ചുഹിവ് എന്നിവിടങ്ങളിലെ സംഭരണ കേന്ദ്രങ്ങളാണ് തകര്‍ത്തക്.

Eng­lish Summary:Russian mil­i­tary action; Of the 210 chil­dren killed in Mariupol
You may also like this video

YouTube video player
Exit mobile version