ഉക്രെയ്‌നിലുടനീളമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് റഷ്യ വലിയ തോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു, നിപ്രോപെട്രോവ്‌സ്ക്, മെെക്കലോവ്, ചെര്‍ണീവ്, സപ്പോരീഷ്യ, പോള്‍ട്ടാവ, കീവ്, ഒഡേസ, സുമി, ഖര്‍കീവ് എന്നിവയുൾപ്പെടെ ഒമ്പത് മേഖലകളിലായാണ് ആക്രമണം നടന്നതെന്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, താമസസ്ഥലങ്ങൾ, സിവിലിയൻ സംരംഭങ്ങൾ എന്നിവയായിരുന്നു റഷ്യയുടെ ലക്ഷ്യങ്ങള്‍. ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച മിസെെല്‍ നിപ്രോ നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ പതിച്ചു. ഇത്തരത്തിലുള്ള ഓരോ ആക്രമണവും സൈനിക ആവശ്യകതയല്ല, മറിച്ച് സാധാരണക്കാരെ ഭയപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനുമുള്ള റഷ്യയുടെ മനഃപൂർവമായ തന്ത്രമാണെന്നും സെലന്‍സ്കി ആരോപിച്ചു.
നിപ്രോപെട്രോവ്‌സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 26 പേർക്ക് പരിക്കേറ്റതായി ഗവർണർ സെർഹി ലിസാക് പറഞ്ഞു. കീവ് മേഖലയില്‍ ബുച്ച, ബോറിസ്‍പിൽ, ഒബുഖിവ് എന്നീ പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടന്നു. ലിവിവിന്റെ പടിഞ്ഞാറൻ മേഖലയിൽ രണ്ട് ക്രൂയിസ് മിസൈലുകൾ വെടിവച്ചിട്ടു. റഷ്യ 619 ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായാണ് ഉക്രെയ‍്ന്‍ വ്യോമസേനയുടെ കണക്ക്. ആകെ 579 ഡ്രോണുകളും എട്ട് ബാലിസ്റ്റിക് മിസൈലുകളും 32 ക്രൂയിസ് മിസൈലുകളും കണ്ടെത്തി. 552 ഡ്രോണുകളും രണ്ട് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും നീര്‍വീര്യമാക്കി.

