Site icon Janayugom Online

റഷ്യന്‍ എണ്ണ ഇന്ത്യയിലേക്കൊഴുകുന്നു; ഇറക്കുമതിക്കൊരുങ്ങി എച്ച്പിസിഎല്‍, എംആര്‍പിഎല്‍

യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധത്തെത്തുടര്‍ന്ന് റഷ്യ പ്രഖ്യാപിച്ച വിലക്കുറവില്‍ ആകൃഷ്ടരായി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍. അന്താരാഷ്ട്ര വിപണിയേക്കാള്‍ 20 മുതല്‍ 25 വരെ ഡോളര്‍ വിലക്കുറവില്‍ അസംസ്കൃത എണ്ണ ലഭ്യമാക്കാമെന്നാണ് റഷ്യന്‍ വാഗ്ദാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) കഴിഞ്ഞദിവസം 30 ലക്ഷം ബാരല്‍ എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്(എച്ച്പിസിഎല്‍) 20 ലക്ഷം ബാരല്‍ എണ്ണയ്ക്കുകൂടി ഓര്‍ഡര്‍ നല്‍കി. മംഗളൂര്‍ റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍സ് (എംആര്‍പിഎല്‍) പത്തുലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് 140 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. പിന്നീട് അല്പം താഴ്ന്ന് നിലവില്‍ ബാരലിന് 100 ഡോളറിന് അടുത്താണ് ആഗോള എണ്ണവില. ലോകത്തിലെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ആവശ്യമായതില്‍ 85 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍ ഇതിൽ 1.3 ശതമാനത്തോളം മാത്രമേ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നുള്ളൂ. ഇതാണിപ്പോള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയും റഷ്യയും തമ്മില്‍ എണ്ണ വ്യാപാരത്തിന് കരാറുകളൊന്നുമില്ല. കമ്പനികള്‍ നേരിട്ടാണ് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഉപരോധത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതി കൂട്ടുന്നത് റഷ്യയ്ക്ക് സഹായമായി മാറുമെന്ന ആശങ്ക യുഎസിനുണ്ട്. അസംസ്‌കൃത എണ്ണ ഇന്ത്യ വാങ്ങുന്നത് യുഎസ് ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെ പരോക്ഷമായി സഹായിക്കുന്നതാകും ഇന്ത്യന്‍ നിലപാടെന്ന് യുഎസ് പറയുന്നു. ഉക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയിലടക്കം റഷ്യയ്ക്കെതിരായ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.

അതിനിടെ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകില്ലെങ്കില്‍ ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണ ലഭ്യമാക്കാമെന്ന് മറ്റൊരു പ്രധാന എണ്ണ ഉല്പാദകരാജ്യമായ ഇറാനും പ്രതികരിച്ചു. യുഎസിന്റെ ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിലവില്‍ സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ രൂപ‑റിയാല്‍ വ്യാപാരം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നും വാര്‍ഷിക വ്യാപാരമൂല്യം 3000 കോടി ഡോളറിലേക്ക് ഉയരുമെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഘാനി പറഞ്ഞു.

eng­lish sum­ma­ry; Russ­ian oil flows into India; HPCL and MRPL ready to import

you may also like this video;

Exit mobile version