Site iconSite icon Janayugom Online

റഷ്യന്‍ എണ്ണ വില കൂട്ടി; ഡിസ്‌കൗണ്ട് ബാരലിന് നാല് ഡോളര്‍ മാത്രം

റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ വില കൂട്ടി. ഷിപ്പിങ് ചാര്‍ജിന്റെ പേരിലാണ് വര്‍ധനയെന്നാണ് സൂചന.
പടിഞ്ഞാറൻ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയാണ് റഷ്യ ഇന്ത്യയില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ കൂടിയ ദൂരം കണക്കിലെടുത്ത് ഷിപ്പിങ്ങിനായി ബാരലിന് 11 മുതല്‍ 19 ഡോളര്‍ വരെറഷ്യ ഈടാക്കുന്നു. ബാള്‍ട്ടിക്ക് കടലില്‍ നിന്നും കരിങ്കടലില്‍ നിന്നും പടിഞ്ഞാറൻ തീരത്തേക്ക് എണ്ണ എത്തിക്കാൻ സാധാരണ ഈടാക്കുന്ന തുകയുടെ രണ്ടിരട്ടിയാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
ഉക്രെയ്ൻ ആക്രമണത്തെ തുടര്‍ന്ന് യുറോപ്യൻ രാജ്യങ്ങളും ജപ്പാൻ ഉള്‍പ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളും റഷ്യയുടെ എണ്ണയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രീമിയം ബ്രാന്‍ഡായ യുറാല്‍സ് എണ്ണ ബ്രെന്റ് ക്രൂഡ് വിലയില്‍ വില്‍ക്കാൻ റഷ്യ തീരുമാനിച്ചത്. അന്നുമുതല്‍ ബാരലിന് 30 ഡോളര്‍ വിലക്കുറവ് ലഭിച്ചിരുന്നത് ഇപ്പോള്‍ നാല് ഡോളറായി കുറയുകയായിരുന്നു.

നിലവില്‍ റഷ്യയില്‍ നിന്ന് ഏറ്റവും കുടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ചൈന ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും വാണിജ്യ മേഖലയിലെ ചാഞ്ചാട്ടവും റഷ്യൻ എണ്ണയെ കൂടുതലായി ആശ്രയിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. റഷ്യയില്‍ നിന്ന് പ്രതിദിനം ഇന്ത്യയിലേക്ക് 20 ലക്ഷം ബാരല്‍ എണ്ണയാണ് എത്തുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികളുടേതാണ്. 

ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് രണ്ട് ശതമാനം എണ്ണയായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ വില കുറഞ്ഞതോടെ ഇത് 44 ശതമാനമായി. എന്നാല്‍ ഇന്ത്യൻ ഓയില്‍ കോര്‍പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷൻ ലിമിറ്റഡ്, മാംഗളൂര്‍ എണ്ണ ഉല്പാദന ശാല, എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, നയാര എനര്‍ജി ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും റഷ്യയുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടതോടെ ഇളവുകളില്‍ കുറവുണ്ടായി. ഈ സ്ഥാപനങ്ങള്‍ ഒരുമിച്ച് കരാര്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമായിരുന്നു.

ENGLISH SUMMARY:Russian oil prices rise; The dis­count is only four dol­lars per barrel
You may also like this video

Exit mobile version