റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യാ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. അതിനായിയുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം നടത്തിവരികയാണെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ഡിസംബറിൽ ആയിരിക്കും പുടിൻ ഇന്ത്യയില്‍ എത്തുക. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്.
2022 ഫെബ്രുവരിയിൽ ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 2021 ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സെപ്റ്റംബർ 25ന് റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് തന്റെ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നു. ചർച്ചകൾക്കൊടുവിൽ സ്വതന്ത്ര വ്യാപാര കരാർ, കാർഷിക വ്യാപാരം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
യുഎസിന്റെ ഭീക്ഷണിയെ തുടര്‍ന്ന് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താൻ ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താമെന്ന് ഉറപ്പ് നല്‍കിയതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു. 2022ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ വാങ്ങലുകൾ ഒഴിവാക്കുകയും റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യ റഷ്യയുടെ എണ്ണയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നായി മാറിയത്.

