ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സൈന്യം അടുക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വസന്നാഹങ്ങളുമായി പ്രതിരോധിക്കാന്‍ രാജ്യതലസ്ഥാനം സജ്ജമായതായി ഉക്രെയ്‌നും അറിയിച്ചു.
കീവിന്റെ സമീപപ്രദേശങ്ങളിലും ഉക്രെയ്ന്റെ വിവിധ നഗരങ്ങളിലും ഇന്നലെ രാവിലെ മുതല്‍ കനത്ത ഷെല്ലാക്രമണം ഉണ്ടായി. എന്നാല്‍ കീവ് പ്രതിരോധിക്കാന്‍ തയാറാണെന്നും അവസാനം വരെയും പോരാടുമെന്നും ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മിഖൈലൊ പോഡോലിയക് പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ നിപ്രോയിലും മൈക്കോലൈവ്, നികോലേവ്, ക്രോപിവിന്‍ട്സ്കി നഗരങ്ങളിലും ശനിയാഴ്ച ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 64 മൈല്‍ ദൈര്‍ഘ്യമുള്ള റഷ്യന്‍ സൈനിക വ്യൂഹം കീവിനോട് അടുക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ടിരുന്നു. കീവ്, കര്‍കീവ്, ചെര്‍ണീവ്, സുമി, മരിയുപോള്‍ നഗരങ്ങള്‍ക്ക് ചുറ്റും റഷ്യന്‍ സൈന്യം വളഞ്ഞുകഴിഞ്ഞതായും വലിയതോതിലുള്ള ഷെല്ലിങ് നടക്കുന്നതായും ബ്രിട്ടന്‍ പറഞ്ഞു.
ഉക്രെയ്ന്‍ പൗരന്മാര്‍ റഷ്യക്കെതിരായ പോരാട്ടം തുടരണമെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ആഹ്വാനം ചെയ്തു. അതിദാരുണമായ അവസ്ഥയിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. വൈദ്യുതി, ജലം, തുടങ്ങിയ അവശ്യസേവനങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയിലാണ് ഉക്രെയ്ന്‍ ജനത. ഈ അവസ്ഥയെ മറികടക്കുകയാണ് പ്രധാനം. എന്നാല്‍ എത്രനാള്‍ ഇങ്ങനെ തുടരാന്‍ കഴിയുമെന്ന് അറിയില്ല. പക്ഷേ വിജയമെന്ന ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്നും സെലന്‍സ്കി ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
English Summary: Russian troops to Kiev
You may like this video also