ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് ഉപദേശിച്ച് റഷ്യ. പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതെന്നാണ് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡറിന്റെ ഉപദേശം. ബംഗ്ലാദേശിൽ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യൻ അംബാസഡർ ആയ അലക്‌സാണ്ടർ ഗ്രിഗോറിയേവിച്ച് ഖോസിൻ ബംഗ്ലാദേശിനെ ഉപദേശിച്ചത്. 1971 ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വഹിച്ച പങ്ക് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ധാക്കയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗ്രിഗോറിയേവിച്ച്.
അയൽരാജ്യങ്ങൾ തമ്മിലുള്ള സുസ്ഥിരമായ ബന്ധം പ്രാദേശിക സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ‘എത്രയും വേഗം സംഘർഷം കുറയ്ക്കുന്നോ അത്രയും നല്ലത്. 1971‑ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് പ്രധാനമായും ഇന്ത്യയുടെ സഹായം കൊണ്ടാണ്. റഷ്യയും അന്ന് ഇതിനെ പിന്തുണച്ചിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, റഷ്യ എന്നിവർ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണ്.’ അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും ഉഭയകക്ഷി കാര്യങ്ങളിൽ റഷ്യ ഇടപെടുന്നില്ലെങ്കിലും, നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ വഴി കണ്ടെത്തുന്നത് ബുദ്ധിപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

