Site iconSite icon Janayugom Online

വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ ഷഹ്നയുടെ നമ്പര്‍ റുവൈസ് ബ്ലോക്ക് ചെയ്തു

വെഞ്ഞാറമ്മൂട് സ്വദേശി ഡോ. ഷഹ്ന ജീവനൊടുക്കിയത് സുഹൃത്ത് റുവൈസ് മൊബൈലില്‍ നിന്ന് ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീധന ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും റുവൈസ് പിന്മാറിയെന്നറിഞ്ഞ ഷഹ്ന വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഷഹ്ന ജീവനൊടുക്കാനുണ്ടായ പെട്ടന്നുള്ള കാരണം ഇതാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

വിദഗ്ധ പരിശോധനയ്ക്കായി റുവൈസിന്റെയും ഷഹ്നയുടെയും ഫോണുകള്‍ കൈമാറി. കേസില്‍ റുവൈസിന്റെ പിതാവുള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്.

ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസിന്റെ പിതാവ് സമ്മര്‍ദം ചെലുത്തിയെന്ന് ഷഹ്നയുടെ കുടുംബം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. 150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹ്നയുമായി പ്രണയത്തിലായിരുന്ന റുവൈസിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും നല്‍കാനില്ലെന്നും അന്‍പത് ലക്ഷം രൂപയും അന്‍പത് പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചുവെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുടുംബത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹ്ന ജീവനൊടുക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത റുവൈസിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: ruwais blocked sha­hana in whatsapp
You may also like this video

Exit mobile version