വ്യോമ പ്രതിരോധ സംവിധാനമായ എസ് ‑400ന്റെ അവശേഷിക്കുന്ന യൂണിറ്റുകള്‍ അടുത്ത വര്‍ഷം ലഭ്യമാക്കുമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബബുസ്കിഷിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ എസ് ‑400 വിജയകരമായി വ്യോമ പ്രതിരോധം തീര്‍ത്തുവെന്നും അദ്ദേഹം പ്രതികരിച്ചു. എസ് ‑400 പ്രതിരോധ സംവിധാനം നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണ്. ഉഭയകക്ഷി കരാര്‍ വഴി ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ ആധുനിക ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിക്കാനും റഷ്യ സന്നദ്ധമാണ്. ഇനി രണ്ട് എസ് 400 പ്രതിരോധ സംവിധാനമാണ് ഇന്ത്യക്ക് കൈമാറാനുള്ളത്. അത് 2026ല്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എസ് ‑400 വ്യോമ പ്രതിരോധ സംവിധാനം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇന്ത്യയുടെ 15 നഗരങ്ങളിൽ നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചത് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനമാണ്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ തകർക്കാനുള്ള ശ്രമം ഇതിലൂടെ പരാജയപ്പെട്ടു. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ- യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ വിജയകരമായി പരാജയപ്പെടുത്തി. എസ് 400 പ്രതിരോധിച്ച പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ഇന്ത്യയുടെ പല സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
എസ്-400ന് ഇന്ത്യ നൽകിയിട്ടുള്ള പേരാണ് സുദർശന ചക്ര. റഷ്യ ആയുധക്കമ്പനി അൽമാസ്-ആന്റേ വികസിപ്പിച്ചെടുത്ത എസ്-400, ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് ഇത്. 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ കണ്ടെത്താനും ട്രാക് ചെയ്യാനും കഴിയും.

