മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാകൗമുദി ബ്യുറോ ചീഫുമായ എസ് എല്‍ ശ്യാം (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തില്‍ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതല്‍ 5.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
അച്ഛന്‍: ശിവചന്ദ്രന്‍ പിള്ള, അമ്മ: ലളിതകുമാരി, ഭാര്യ: ഇന്ദു (സെക്രട്ടേറിയറ്റ്), മകന്‍: മാധവന്‍. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂര്‍ എക്‌സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് അന്തിമോപചാരം അര്‍പ്പിച്ചു. എസ് എല്‍ ശ്യാമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു.
കാനം രാജേന്ദ്രന്‍ അനുശോചിച്ചു
മാധ്യമ പ്രവര്‍ത്തകന്‍ എസ് എല്‍ ശ്യാമിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. വാര്‍ത്തകള്‍ കണ്ടെത്തുന്നതിലും എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും ശ്യാമിന് പ്രത്യേക കഴിവുണ്ടായിരുന്നു. പത്രപ്രവര്‍ത്തന മേഖലയ്ക്ക് വലിയ നഷ്ടമാണ് ശ്യാമിന്റെ നിര്യാണം മൂലമുണ്ടായിരിക്കുന്നതെന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എസ് എല്‍ ശ്യാമിന്റെ ആകസ്മിക വേര്‍പാടില്‍ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അനുശോചിച്ചു.
English Sammury: Kalakaumudi Bureau Chief S L Shyam passed away