സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എസ് ശിവശങ്കരപിള്ള (ഇടപ്പള്ളി ശിവൻ) സ്മാരക പുരസ്കാരത്തിന് മുൻ എംപിയും എംഎൽഎയുമായിരുന്ന സിപിഐ നേതാവ് സി എൻ ജയദേവനെ തെരഞ്ഞെടുത്തു. ആറ് പതിറ്റാണ്ട്കാലത്തെ രാഷ്ട്രീയ സാമൂഹികരംഗത്തെ സേവനത്തേയും മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ നൽകിയ നിസ്തുല സംഭാവനയേയും മാനിച്ചാണ് സി എൻ ജയദേവനെ തിരഞ്ഞെടുത്തത്. പന്ന്യൻ രവീന്ദ്രൻ, പ്രൊഫ കെ അരവിന്ദാക്ഷൻ, ഡോ. ജോർജ്ജ് കെ ഐസക് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എസ് ശിവശങ്കരപിള്ളയുടെ 9-ാമത് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് പുല്ലുവഴിയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സി എൻ ജയദേവന് പുരസ്കാരം സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി എൻ അരുൺ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

