ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടതോടെ വികസനക്കുതിപ്പിനൊരുങ്ങി എരുമേലിയും പരിസരവും. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവായത്. ഇതോടെ സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം കോട്ടയം ജില്ലയിൽ മണിമല-എരുമേലി പഞ്ചായത്തുകൾ അതിരിടുന്ന ചെറുവള്ളി എസ്റ്റേറ്റിൽ അധികം വൈകാതെ നിർമ്മാണം ആരംഭിക്കും. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനമായത്. എരുമേലിയിൽ ഇതിനായി പ്രത്യേക ഓഫിസ് ഉടൻ തുറന്ന് സ്പെഷ്യൽ തഹസീൽദാരെ നിയമിക്കും.
ഒന്നാം ഘട്ടമായി ബിലിവേഴ്സ് ചർച്ചിന്റെ കൈവശമുള്ള 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ 260 ഏക്കറും ഏറ്റെടുക്കും. അർഹമായ നഷ്ടപരിഹാരങ്ങളും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടി. തുടർന്ന് നിർമ്മാണത്തിനാവശ്യമായ തുക സമാഹരിക്കാൻ സിയാൽ മോഡൽ കമ്പനി രൂപീകരിക്കും.
കേന്ദ്ര സിവിൽ വ്യോമയാന, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ സാങ്കേതിക അനുമതി ഏറെക്കുറെ ലഭ്യമായിട്ടുണ്ട്.
മണിമല പഞ്ചായത്തിലെ മുക്കട മുതൽ എരുമേലി ഒരുങ്കൽ കടവ് വരെ മൂന്നര കിലോമീറ്റർ റൺവേയുടെയും എയർപോർട്ട് ഓഫിസിന്റെയും നിർമ്മാണം സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കും. വൈദ്യുതി, വെള്ളം, ബലവത്തായ മണ്ണ്, ഗതാഗതം തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. വെട്ടുകൽ പ്രദേശമായതിനാൽ മണ്ണ് നീക്കം ചെയ്ത് നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ അഞ്ചു വർഷം മതിയാകുമെന്നാണ് വിലയിരുത്തൽ.
അനുബന്ധ പരിശോധനകൾക്കു ശേഷം അധികം വൈകാതെ എരുമേലി ശബരി എയർപോർട്ട് യാഥാർത്ഥ്യമാക്കാനുള്ള നടപടികളാണ് മുന്നോട്ടു പോകുന്നത്. ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടകർക്കും പ്രവാസികൾക്കും ബന്ധുക്കൾക്കും ബിസിനസുകാർക്കും ശബരി എയർപോർട്ട് നേട്ടമാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായിരിക്കും കൂടുതൽ നേട്ടം. വിമാനത്താവളം എത്തുന്നതോടെ എരുമേലിയിലെയും പരിസര പ്രദേശങ്ങളിലെയും റോഡ് അടക്കമുള്ള സൗകര്യങ്ങൾ ഇതോടെ വിപുലമാവും.
English Summary: Sabari Airport; Proceedings are finalizing
You may also like this video