നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിങ് പൂർത്തിയായതോടെ നടപടികൾക്ക് ഇനി വേഗമേറും. വിമാനത്താവളത്തിന്റെ റൺവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് എരുമേലി, മണിമല പഞ്ചായത്തുകളിൽ രണ്ട് ദിവസങ്ങളിലായി പബ്ലിക് ഹിയറിങ് നടത്തിയത്. ഭൂമി നഷ്ടമാകുന്നവരും വ്യക്തികളും ജനപ്രതിനിധികളും വിവധ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് എതിർപ്പുകളുണ്ടായെങ്കിലും വിമാനത്താവളം വരുന്നതിന് ആരും എതിരുണ്ടായിരുന്നില്ല.
വിമാനത്താവളം പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും കിടപ്പാടം നഷ്ടപ്പെടുത്തുന്നതിലായിരുന്നു പലർക്കും ആശങ്കയേറെയും. ആദ്യ ഡിപിആർ മാറ്റിയത് സംബന്ധിച്ചും ആശങ്ക ഉയർന്നു. നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തത വേണമെന്നായിരുന്നു മറ്റൊരു ആവശ്യം. ചെറുവള്ളി എസ്റ്റേറ്റിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിരിക്കെ ഇതിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിലെ സംശയവും യോഗത്തിൽ ഉയർന്നു. എന്നാൽ ആശങ്കളെല്ലാം അസ്ഥാനത്താണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
നേരത്തെ ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ നിർമ്മാണം പൂർത്തിയാകുന്ന വിധമായിരുന്നു ഡിപിആർ തയ്യാറാക്കിയിരുന്നതെങ്കിലും കാറ്റിന്റെ ഗതി വിമാനത്താവള നിർമ്മാണത്തിൽ ഒരു പ്രധാന ഘടകമായി വന്നിരുന്നു. അത് മൂലം കേന്ദ്ര വ്യോമയാന മന്ത്രാലയം ആദ്യ നിർദ്ദേശത്തിന് അനുമതി നിഷേധിച്ചു. ഒരുവശത്ത് കുഴിയും, മറ്റൊരുവശത്ത് ചെറിയ കുന്നുകളും കൂടിയുള്ള ഭൂമി ആയതിനാൽ എസ്റ്റേറ്റ് മാത്രം മുൻനിർത്തി ഡിപിആർ പൂർത്തിയാക്കൽ അസാധ്യമായിരുന്നു. ഇതിനെ തുടർന്നാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലം കൂടി ഉൾപ്പെടുത്തി പുതിയ ഡിപിആർ തയ്യാറാക്കിയത്.
പരമാവധി ആളുകളെ ബാധിക്കാത്തവിധത്തിൽ നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം. നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കാനും സ്ഥലം നഷ്ടപ്പെടുന്നവരെ ഉൾപ്പെടുത്തി പുനരധിവാസ പാക്കേജ് തയ്യാറാക്കാനും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് പറഞ്ഞു. ഹിയറിംഗിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ ക്രോഡീകരിച്ച് വിദഗ്ദ്ധ കമ്മറ്റിക്ക് റിപ്പോർട്ട് നൽകും. തുടർപരിശോധനകൾക്ക് ശേഷം സാമൂഹികാഘാത പഠന റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യും. തുടർന്ന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സ്ഥലം അളക്കാനുള്ള നടപടികളിലേക്ക് കടക്കും. ആധാരപരിശോധനകളും വിലനിശ്ചയിക്കലും അടക്കമുള്ള നടപടികൾ അതിന് ശേഷമാണ് ഉണ്ടാവുക. മൂന്നുവർഷങ്ങളിലെ ക്രയവിക്രയങ്ങളിലെ ഉയർന്ന ആധാരവില കണക്കാക്കി ഇതിനനുസരിച്ച് ആവും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
English Summary: sabarimala airport updation
You may also like this video