ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തൃശൂർ ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് ഇ ഡിയാണ് ശബരിമല മേൽശാന്തി. നിലവിൽ ആറേശ്വരം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം. ഹൈക്കോടതിയുടെ കർശന മേൽനോട്ടത്തിലാണ് മേൽശാന്തി നറുക്കെടുപ്പ് നടന്നത്. 14 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരനായ കശ്യപ് വർമ്മയാണ് ശബരിമല മേൽശാന്തിക്കായുള്ള നറുക്കെടുത്തത്. ചുരുക്കപ്പട്ടികയിലെ ഒൻപതാമത്തെ പേരുകാരനായിരുന്നു പ്രസാദ് ഇ ഡി.
കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. 13 പേരുണ്ടായിരുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് മനു നമ്പൂതിരിക്ക് നറുക്കുവീണത്. മൈഥിലി വർമ്മയാണ് നറുക്കെടുത്തത്. മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് സഫലമായതെന്നും മനു നമ്പൂതിരി പ്രതികരിച്ചു. “ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. ഈ ഉത്തരവാദിത്തം വളരെ ഭംഗിയായി ആത്മാർത്ഥമായും നിർവഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത്യപൂർവമായ ഒരു ഭാഗ്യമായി ഇതിനെ കാണുന്നു,” അദ്ദേഹം പറഞ്ഞു.

