ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാവാൻ ആവശ്യപ്പെട്ട് എസ്ഐടി പദ്മകുമാറിന് നോട്ടീസ് നല്‍കി. എന്നാല്‍ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ചൂണ്ടിക്കാട്ടി പദ്മകുമാര്‍ ഹാജരാവാൻ കൂടുതല്‍ സമയം തേടി.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും ദേവസ്വം മുൻ കമ്മിഷണര്‍ എൻ വാസുവിന്റെ നേതൃത്വത്തിലാണെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ഈ സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നത് എ. പദ്മകുമാർ ആണ്. കമ്മിഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി എസ്ഐടിക്ക് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഇതിന് പിന്നില്‍ ഗൂഢാലോചന എസ്ഐടി സംശയിക്കുന്നുണ്ട്. അതിനാലാണ് പദ്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചത്.

