ശബരിമല സ്വർണക്കൊള്ള കേസിലെ സ്വർണം വാങ്ങിയ പ്രതി ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഗോവർധൻ അയ്യപ്പഭക്തനാണെന്നും അതിനാൽ ഇത്തരമൊരു കവർച്ചാ കേസിൽ പങ്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. നേരത്തെ കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.200 ഗ്രാം സ്വർണം മോഷ്ടിക്കാൻ ഗോവർധൻ കൂട്ടുനിൽക്കുമെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ക്ഷേത്രത്തിന് സംഭാവന നൽകുന്നതും നിലവിലെ കുറ്റാരോപണവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.ശബരിമലയിലെ സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി ഗോവർധൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഗോവർധന്റെ വാദം.

