Site iconSite icon Janayugom Online

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ ജാമ്യഹർജി തള്ളി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയാണെന്നും അയ്യപ്പന്റെ സ്വത്തുക്കള്‍ പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കോടതി വിമര്‍ശിച്ചു. പ്രതികളായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ഗോവര്‍ധന്‍, മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം വിധി പറയാന്‍ മാറ്റിവച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് എ ബദറുദീന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ശങ്കര്‍ദാസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയത്തിലും കോടതി പരാമര്‍ശമുണ്ട്. ശങ്കര്‍ദാസിന്റെ അസുഖമെന്തെന്ന് അറിയില്ല. ചികിത്സ തേടുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും മൂവര്‍ക്കും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ റിമാൻഡിലായതിനാൽ പോറ്റി ജയിൽ മോചിതനാകില്ല. ഈ കേസിൽ ഫെബ്രുവരി ഒന്നിനാണ് 90 ദിവസം പൂർത്തിയാകുന്നത്.

Exit mobile version