Site iconSite icon Janayugom Online

ശബരിമല സ്വര്‍ണപ്പാളി മോഷണം; ആദ്യ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വർണപ്പാളി കേസിലും കട്ടിള കേസിലുമായി 18 പ്രതികളാണുള്ളത്. കേസിലെ മുഖ്യപ്രതിയായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്ത വിവരം കോടതിയെ എസ്ഐടി അറിയിക്കും. രണ്ട് കിലോ സ്വർണം പോറ്റി അപഹരിച്ചെന്നും അറിയിക്കും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കസ്റ്റഡിയിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാകും. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി എസ്ഐടിയോട് നിര്‍ദേശിച്ചിട്ടുള്ളത്.

അതിനിടെ, പോറ്റിയുടെ സുഹൃത്തായ ബംഗളൂരു സ്വദേശി അനന്തസുബ്രഹ്മണ്യനെ എസ്ഐടി ഇന്നലെ കസ്റ്റഡിയിലെടുത്തു. 2019 ജൂലൈ 19ന് സ്വർണം പൂശാനെന്ന പേരിൽ ദ്വാരപാലക ശില്പങ്ങളിലെ 12 പാളികളും തെക്കും വടക്കും പൊതിഞ്ഞിട്ടുള്ള രണ്ട് സ്വർണത്തകിടുകളും പോറ്റിയുടെ സുഹൃത്തെന്ന പേരിൽ അനന്തസുബ്രഹ്മണ്യനാണ് ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എസ്ഐ‍ടി അനന്തസുബ്രഹ്മണ്യനോട് തേടി. പോറ്റിയുടെ നിർദേശപ്രകാരം അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഹൈദരാബാദിലേക്ക് പാളികള്‍ കൊടുത്തുവിടുകയായിരുന്നു. അതിനുശേഷമാണ് പാളികള്‍ ഹൈദരാബാദില്‍ ചെമ്പ്/ സ്വർണം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്ന നാഗേഷിന്റെ കയ്യിലേക്ക് എത്തിയത്. അനന്തസുബ്രഹ്മണ്യനെ രാത്രി വൈകിയും ചോദ്യം ചെയ്തു. അനന്തസുബ്രഹ്മണ്യന്റെയും നാഗേഷിന്റെയും ബംഗളൂരുവിലെ വീടുകളിലും എസ്ഐടി പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. 

Exit mobile version