Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണപാളി : ദ്വാരപാലക ശില്പം സ്വര്‍ണ്ണം പൂശിയത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണ്ണം ഉപയോഗിച്ചെന്ന് മുന്‍ പ്രസിഡന്റ് എന്‍ വാസു

ശബരിമലയില്‍ ദ്വാരപാലക ശില്പം സ്വര്‍ണം പൂശിയത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണ്ണം ഉപയോഗിച്ചാണെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസി‍‍‍ന്റ് എന്‍ വാസു. ബാക്കിയുള്ള സ്വര്‍ണ്ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടല്ലോ എന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി രംഗത്തുവരികയായിരുന്നു അദ്ദേഹം.

ഉണ്ണികൃഷ്ണൻ പോറ്റിയെ സംശയിക്കേണ്ട യാതൊരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇ‑മെയിൽ തനിക്ക് ലഭിച്ചിരുന്നു. ശില്പങ്ങളിൽ പൂശിയ സ്വർണം ബാക്കിയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ‑മെയിൽ. സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അഭ്യർഥിച്ചായിരുന്നു സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. 

നിർധനയായ യുവതിയുടെ വിവാഹത്തിന് ബാക്കിവന്ന സ്വർണം ദേവസ്വം ബോർഡുമായി സഹകരിച്ച് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ഇത് സംബന്ധിച്ച് വിലയേറിയ അഭിപ്രായം തരണമെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ‑മെയിൽ വന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല. ഇ‑മെയിൽ ലഭിച്ചപ്പോൾ തിരുവാഭരണം കമ്മിഷണറുടേയും എക്സിക്യൂട്ടീവ് ഓഫീസറുടേയും അനുമതി വാങ്ങണമെന്ന് മറുപടി നൽകി. 2019- ഡിസംബറിലായിരുന്നു മെയിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെയിൽ കിട്ടുന്ന സമയത്ത് ഈ വിഷയങ്ങൾ ഒന്നും ഇല്ല. ദേവസ്വം ബോർഡിന്റെ സ്വർണം അപഹരിച്ചതായിട്ട് ഒരു ആരോപണവും ഇല്ല എന്നും എന്‍ വാസു അഭിപ്രായപ്പെട്ടു 

Exit mobile version