ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്‍, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേക്ക് കൂടി കോടതി റിമാൻഡ് ചെയ്തു. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷയിലാണ് അന്ന് വാദം കേൾക്കുക. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം രംഗത്തെത്തിയിട്ടുണ്ട്. പിഴവുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കുന്നതിനും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ശക്തമാക്കുന്നതിനും നിയമവിദഗ്ധരുടെ സഹായം അത്യാവശ്യമാണെന്നാണ് എസ്ഐടിയുടെ നിലപാട്. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്ത പരിചയമുള്ള മൂന്ന് അംഗ പാനലാണ് എസ്ഐടി തയ്യാറാക്കിയിരിക്കുന്നത്. ലോകായുക്തയിലെ പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, ഹൈക്കോടതിയിലെ വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ്, അഡ്വക്കറ്റ് ഉണ്ണികൃഷ്ണൻ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം എന്നതിനാൽ പട്ടിക സർക്കാറിന് കൈമാറും മുമ്പ് കോടതിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നിയമനം.

