Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണമോഷണകേസ് : എസ്ഐടിയെ പ്രശംസിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്കുള്ള മറുപടിയെന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ എസ്ഐടി യെ പ്രസംശിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. കള്ളം പറഞ്ഞവര്‍ക്കുള്ള മറുപടി ഹൈക്കോടതി തന്നെ നല്‍കി. എന്നാല്‍ നിയമസഭയില്‍ വിഷയത്തില്‍ അടിയന്തര പ്രമേയം പോലും കൊണ്ടുവരാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല. നിയമസഭാ സമ്മേളനം തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു. 

നിയമസഭാ സമ്മേ‍ളനം ആരംഭിച്ചതു മുതൽ സഭയിൽ ബഹളമുണ്ടാക്കുകയും, സ്പീക്കറുടെ ഡയസിലേക്ക് അടക്കം കടന്ന് സഭ സത്ംഭിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിൽ നിന്ന് ഉണ്ടായത്. കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെയും, സംസ്ഥാന ബജറ്റിന്മേലുള്ള പൊതു ചർച്ചയിലും പങ്കെടുക്കാതെ സഭ ബഹിഷ്കരിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിൽ നിന്ന് ക‍ഴിഞ്ഞ ദിവസമുണ്ടായത്.ശബരിമല സ്വർണമേഷണ കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കോടതി തന്നെ വ്യക്തമാക്കി. 

കേസിലെ പ്രതികള്‍ക്ക് 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും കോടതി വ്യക്തമാക്കി.കോടതിയിലും നിയമസഭയിലും പ്രതിപക്ഷം തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ്.നുണകളും വ്യാജപ്രതീതി നിർമ്മാണവും മാത്രം നടത്തുന്നവരാണ് പ്രതിപക്ഷമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും, കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ നിയമസഭയ്ക്കുള്ളില്‍ നടത്തിയ അതിക്രമങ്ങൾക്ക് പൊതുജനത്തിനോട് പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Exit mobile version