Site iconSite icon Janayugom Online

ശബരിമല സ്വർണ മോഷണ കേസ്: വ്യവസായി ഡി മണിക്കായി അന്വേഷണം ആരംഭിച്ച് എസ്ഐടി പ്രത്യേക സ്ക്വാഡ്

ശബരിമല സ്വർണ മോഷണക്കേസിൽ വ്യവസായി ഡി മണിക്കായി എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, കർണാടകയിലെ ബെല്ലാരിയിൽ എസ് ഐ ടി വീണ്ടും പരിശോധന ആരംഭിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ഗോവർധന്റെ റൊദ്ദം ജ്വല്ലറിയിലടക്കം വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഡി മണിക്കെതിരെ മൊഴികളും വിവരങ്ങളും ലഭിച്ച പശ്ചാത്തലത്തിലാണ് എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാൻ തീരുമാനിച്ചത്. ഡി മണിയുമായി ബന്ധപ്പെടുന്ന അന്വേഷണം ചെന്നൈയിൽ എത്തിയ പ്രത്യേക സംഘം ആരംഭിച്ചു കഴിഞ്ഞു.
നിലവില്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഗ്രഹ കടത്തിൽ ഡി മണി ഇടനില നിന്നു എന്നതായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ചിരുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആരാണ് ഡി മണി എന്നതും അയാൾക്ക് എന്താണ് ശബരിമലയിലെ സ്വർണ മോഷണക്കേസുമായി ബന്ധമെന്നും ഉള്ള കാര്യം എസ്ഐടി പരിശോധന തുടങ്ങിയത്. 

അതേസമയം എസ് ഐ ടി യുടെ ഒരു സംഘം വീണ്ടും കർണാടകയിലെ ബെല്ലാരിയിൽ എത്തി. ബെല്ലാരിയിൽ വ്യാപകമായി പരിശോധന നടത്തുക എന്നതാണ് അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ കേസിൽ അറസ്റ്റിലുള്ള ഗോവർധന്റെ റൊദ്ദം ജ്വല്ലറിയിലും വീണ്ടും പരിശോധന നടത്തും. മുൻപ് നടത്തിയ പരിശോധനയിൽ ജ്വല്ലറിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കേസിൽ ഗോവർധനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് എസ് ഐ ടി വീണ്ടും ബെല്ലാരിയിൽ എത്തിയത്. കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ പി ശങ്കർദാസ് എൻ വിജയകുമാർ എന്നിവർക്ക് എസ് ഐ ടി നോട്ടീസ് അയച്ചു. ഈ മാസം 26ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Exit mobile version