ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് സേവനങ്ങള്‍ നല്‍കിയത് 2,43,413 പേര്‍ക്ക്. ഇതില്‍ 7278 പേര്‍ക്ക് നിരീക്ഷണമോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ച് വേദനയായി വന്ന 231 പേര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള 13,161 പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള 81,715 പേര്‍ക്കും റോഡപകടങ്ങളിലൂടെ പരിക്കേറ്റ 295 പേര്‍ക്കും പാമ്പ് കടിയേറ്റ 18 പേര്‍ക്കുമാണ് പ്രധാനമായും ചികിത്സ നല്‍കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
1546 പേരെ മറ്റാശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. ഹൈക്കോടതിയുടെ അനുമതിയെ തുടര്‍ന്ന് ഇത്തവണ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യുവാന്‍ അനുവദിച്ചിരുന്നു. ഈ സ്‌പെഷ്യല്‍ റെസ്‌ക്യു വാന്‍ വഴി 150 പേര്‍ക്ക് അടിയന്തര സേവനം നല്‍കിയതായും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനായി വിപുലമായ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (സ്വാമി അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമൊരുക്കി. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകളും എക്‌സ്‌റേ സൗകര്യവും സജ്ജമാക്കിയിരുന്നു. പമ്പയിലും നിലയ്ക്കലും എരുമേലിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമൊക്കെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകള്‍ സജ്ജമാക്കി 470 തീര്‍ത്ഥാടകര്‍ക്ക് സേവനം ലഭ്യമാക്കിയിരുന്നു. കനിവ് 108 ആംബുലന്‍സുകള്‍ വഴി 363 തീര്‍ത്ഥാടകര്‍ക്കും സേവനമെത്തിച്ചിരുന്നു.
English Summary;Sabarimala: Health services provided to 2.43 lakh pilgrims
You may also like this video