Site iconSite icon Janayugom Online

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം : മുന്നൊരുക്കങ്ങളുടെ അവലോകനവുമായി മന്ത്രി കെ രാധാകൃഷ്ണന്‍

കേരളത്തിന്‍റെ അഭിമാനമാണ് ശബരിമല തീര്‍ത്ഥാടനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 2023–24വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയമന്യേ അവ വിജയിപ്പിക്കുവാന്‍ ഒരുമിച്ചു നില്‍ക്കണം.

തീര്‍ത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്.അന്‍പതുലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനവുണ്ടാവും.എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പുകള്‍ ഒരുക്കണം. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയില്‍ ഇടപെടണം. തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം.

പൊലീസ് ആറു ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളില്‍ 2000 പേര്‍ വീതവും,പിന്നീടുള്ള മൂന്നു ഫേസുകളില്‍ 2500 പേരെ വീതവുമാണ് നിയോഗിക്കുക. വനം വകുപ്പ് മൂന്നു ശബരിമല പാതകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.കാനനപാതകളിലും, സന്നിധാനത്തും എലിഫന്റ് സ്‌ക്വാഡ് ‚സ്‌നേക് സ്‌ക്വാഡ് എന്നിവരെ നിയോഗിക്കും.

ശുചീകരണത്തിനായി എക്കോ ഗാര്‍ഡുകളെ നിയമിക്കും. കെഎസ്ആര്‍ഡിസി 200 ചെയിന്‍ സര്‍വീസുകളും, 150 ദീര്‍ഘദൂര സര്‍വീസുകളും നടത്തും. ആരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, റാന്നി, റാന്നി പെരുനാട് തുടങ്ങിയ തീര്‍ത്ഥാടന പാതയിലെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും, ഉദ്യോഗസ്ഥരേയും, ആബുലന്‍സും സജ്ജമാക്കും. ഫയര്‍ഫോഴ്‌സ് 21 താല്‍ക്കാലിക സ്റ്റേഷനുകള്‍ തുടങ്ങും. സ്‌കൂബാ ടീം, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും സേവനം ഉറപ്പാക്കും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കും.18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:
Sabari­mala Man­dal Makar­avi­lak Mahot­sav: Min­is­ter K Rad­hakr­ish­nan reviews preparations

You may also like this video:

Exit mobile version