Site iconSite icon Janayugom Online

ശബരിമല മണ്ഡലകാലത്തിന് തുടക്കം: ക്ഷേത്രനട തുറന്നു; പ്രതിദിനം 90,000 പേർക്ക് ദർശനം

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ക്ഷേത്രനട ഇന്ന് വൈകിട്ട് 5.00ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ആഴി തെളിച്ച ശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (നവംബർ 17) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. വൃശ്ചികമാസം ഒന്നുമുതൽ രാവിലെ 3.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണിവരെയും, ഉച്ചയ്ക്ക് ശേഷം 3.00 മണിമുതൽ രാത്രി 11.00 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും. 

ഡിസംബർ 26ന് തങ്കഅങ്കി ചാർത്തി ദീപാരാധന നടത്തും. ഡിസംബർ 27ന് മണ്ഡലപൂജയ്‌ക്കു ശേഷം നടയടയ്‌ക്കും. ഡിസംബർ 30ന് വൈകിട്ട് 5.00ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് മണ്ഡലക്കാലത്തിന് ശേഷം തിരുനടയടയ്‌ക്കും. ഓൺലൈൻ ബുക്കിങ് വഴി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും പ്രതിദിനം ദർശനം സാധ്യമാകും. ഓൺലൈൻ ദർശനം ബുക്ക് ചെയ്ത് കാൻസൽ ചെയ്യുമ്പോൾ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറ്റും.

Exit mobile version