ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. കൊല്ലം — തേനി ദേശീയപാതയിൽ കുട്ടിക്കാനത്തിനും വളഞ്ചാകാനത്തിനും ഇടയിലാണ് അപകടം നടന്നത്. തമിഴ്നാട് ഡിണ്ടിഗൽ കരൂരിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസ് കുട്ടിക്കാനം കഴിഞ്ഞുള്ള വലിയ ഇറക്കത്തിന് തൊട്ടു മുമ്പായുള്ള വളവിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.
ഒരാൾക്ക് തലയ്ക്കും മറ്റൊരാൾക്ക് കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു റോഡിന് നടുവിലേക്ക് വട്ടം മറയുകയായിരുന്നു. ഇതുവഴി വന്ന യാത്രക്കാർ, പീരുമേട് ഹൈവേ പോലീസ്, പീരുമേട് ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.
ഇതര സംസ്ഥാനത്ത് നിന്നും തീർത്ഥാടകരുമായെത്തുന്ന ഡ്രൈവർമാർക്ക് ഹൈറേഞ്ച് റോഡുകളുടെ പരിചയക്കുറവാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു. നിരപ്പായ കൊടും വളവും കുത്തിറക്കങ്ങളും നിറഞ്ഞ റോഡുകളിൽ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അധികൃതർ പറഞ്ഞു.

