മണ്ഡല ‑മകര വിളക്ക് മഹോത്വത്തിനായി ശബരിമല നടതുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തികഞ്ഞ ജാഗ്രതയിലാണ് നീങ്ങുന്നത്. പത്തനംതിട്ട ജില്ലാ ഭാരണകൂടവും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം ഏറെ സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നു. ജില്ലയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാനത്തോട് അനുബന്ധിച്ച് ജില്ലയിലെ ശുചിമുറി സംവിധാനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. തീര്‍ഥാടകര്‍ക്ക് മികച്ച രീതിയിലുള്ള ശുചിമുറി സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡും ഒരുക്കും.
അടിസ്ഥാന സൗകര്യങ്ങളും, ശുചി മുറികളും ആവശ്യത്തിനുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പു വരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അപകട സാധ്യതയുള്ള കടവുകള്‍ കണ്ടെത്തി അവ അടിയന്തരമായി അടയ്ക്കുകയും ബഹുഭാഷാ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കടവുകളില്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. ലൈഫ് ഗാര്‍ഡുകളും ശുചീകരണ തൊഴിലാളികളും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തണം. കൊതുകു നശീകരണം നടത്തണം.സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ 999 ശുചിമുറികള്‍ ഉണ്ട്. തിരുവാഭരണ പാത കടന്നു പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റോഡുകളുടെ സുരക്ഷയും, ആവശ്യമായ ലൈറ്റുകളും സ്ഥാപിക്കണം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
വാട്ടര്‍ അതോറിറ്റി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് കുടിവെള്ളവും ഉറപ്പാക്കണം. ശുചിമുറി സംവിധാനത്തിന്റെ ഏകോപനം ശുചിത്വമിഷന്‍ നിര്‍വഹിക്കണമെന്നും കളക്ടര്‍ പറഞ്ഞു.അതേസമയം, 2021- 2022 വര്‍ഷത്തെ ശബരിമല മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ശബരിമല സന്നിധാനം, പമ്പ, പന്തളം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഗവ ആയുര്‍വ്വേദ ഡിസ്‌പെന്‍സറികള്‍ ഈ മാസം 16ന് ഉച്ചയ്ക്ക് 12 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒന്‍പത് ഘട്ടങ്ങളിലായി ഓരോ ഘട്ടത്തിലും സന്നിധാനം താല്‍ക്കാലിക ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 14 പേരെയും പമ്പ താല്‍ക്കാലിക ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ശബരിമലക്ഷേത്രവുമായി ഏറെ ബന്ധമുള്ള പന്തളത്തും, മറ്റ് ഇടത്താവളങ്ങളിലും ഏറെ പ്രവര്‍ത്തനമാണ് സജീവമാക്കിയിരിക്കുന്നത്പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ പ്രതിദിനം സേവനത്തിന് നിയമിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ഔഷധങ്ങള്‍ ആദ്യ ഘട്ടമായി ഡിസ്‌പെന്‍സറികളില്‍ എത്തിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, എന്നീ താല്‍ക്കാലിക ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 24 വരെയും പന്തളം താല്‍ക്കാലിക ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി ജനുവരി 13 വരെയും തുറന്ന് പ്രവര്‍ത്തിക്കും.തിരുവാഭരണഘോഷയാത്രയോടനുബന്ധിച്ച് മൂക്കന്നൂര്‍, അയിരൂര്‍ പുതിയകാവ് എന്നീ സ്ഥലങ്ങളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐ.എസ്.എം) അറിയിച്ചു.
ENGLISH SUMMARY:Sabarimala pilgrimage; District administration provided basic facilities
You may also like this video