Site iconSite icon Janayugom Online

അട്ടിമറി ഗൂഢാലോചന കേസ്; ബോള്‍സൊനാരോക്ക് 27 വര്‍ഷം തടവ് ശിക്ഷ

അട്ടിമറിക്കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ‍്ര്‍ ബോള്‍സൊനാരോക്ക് 27 വര്‍ഷം തടവ് ശിക്ഷ. ബ്രസീല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. 2033 വരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതിലും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, ജനാധിപത്യത്തെ ആക്രമിച്ചതിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുൻ പ്രസിഡന്റായി 70 കാരനായ ബോൾസൊനാരോ മാറി. ജനാധിപത്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ബോള്‍സൊനാരോ പ്രവര്‍ത്തിച്ചു എന്നതിന് നിരവധി തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ നിരീക്ഷിച്ചു. സായുധ ക്രിമിനൽ സംഘടനയിൽ പങ്കെടുത്തു, ജനാധിപത്യത്തെ അക്രമത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചു, അട്ടിമറിക്ക് നേതൃത്വം നൽകി, സർക്കാർ സ്വത്തുക്കൾക്കും സംരക്ഷിത സാംസ്കാരിക വസ്തുക്കൾക്കും കേടുപാടുകൾ വരുത്തി, തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാണ് ബോൾസൊനാരോ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 

ലുല സര്‍ക്കാരിനെതിരായ ഗൂഢാലോചനയടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ബോള്‍സൊനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ബോള്‍സൊനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുറ്റങ്ങൾക്ക് പരമാവധി 43 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നെങ്കിലും, ബോൾസൊനാരോയുടെ പ്രായവും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് 27 വര്‍ഷമായി പരിമിതപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബോള്‍സൊനാരോയുടെ അഭിഭാഷകന്‍ അറിയിച്ചു. 70 കാരനായ ബോള്‍സൊനാരോ നിലവില്‍ വീട്ടുതടങ്കലിലാണ്. സമൂഹമാധ്യമ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നിരോധനം ലംഘിച്ച് തന്റെ മൂന്ന് മക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ബോള്‍സൊനാരോ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു. 

ഇടത് നേതാവായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2022ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലായിരുന്നു വീട്ടുതടങ്കല്‍. അതേസമയം, തന്നെ വേട്ടയാടുകയാണെന്നും വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ബോള്‍സൊനാരോ ആരോപിച്ചു. 2026ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് പദവികള്‍ വഹിക്കരുത് എന്ന വ്യവസ്ഥ വിധിയില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ബോള്‍സൊനാരോക്ക് ശിക്ഷ വിധിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിയോജിപ്പ് പ്രകടിപ്പിച്ചു. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ബോള്‍സൊനാരോക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് ബ്രസീലിന് മേല്‍ ട്രംപ് 50% തീരുവ ചുമത്തിയത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിസ റദ്ദാക്കലും ട്രംപ് ഏർപ്പെടുത്തിയിരുന്നു. മറീൻ ലെ പെൻ, റോഡ്രിഗോ ഡ്യുട്ടെർട്ടെ എന്നിവരുൾപ്പെടെ മറ്റു ചില വലതുപക്ഷ നേതാക്കൾക്ക് ശിക്ഷ ലഭിച്ചിരുന്നു.

Exit mobile version