Site iconSite icon Janayugom Online

കടലിന്റെ മക്കള്‍ക്കായി സുരക്ഷിത ഭവനങ്ങള്‍ ഒരുങ്ങി

കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് പുനർ​ഗേഹം പദ്ധതി വഴി സർക്കാർ നിർമ്മിച്ച മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയം ഓ​ഗസ്റ്റ് ഏഴിന് കടലിന്റെ മക്കൾക്ക് കൈമാറും. പ്രത്യാശ എന്നാണ് ഫ്ലാറ്റുകൾക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ഏഴിന് വൈകീട്ട് നാല് മണിക്ക് ഫ്ലാറ്റ് സമുച്ചയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാജന്‍, വി ശിവൻകുട്ടി, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. ആകെയുള്ള 400 ഫ്ലാറ്റുകളിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽദാനമാണ് നിർവഹിക്കുന്നത്. ഇതിൽ 162 കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നവരാണ്. സ്പെഷ്യൽ കേസായി പരി​ഗണിച്ച് ​ഗവൺമെന്റ് ക്വാട്ടയിൽ ഉൾപ്പെടുത്തിയ 19 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകുന്നുണ്ട്. ജില്ലാതല കമ്മിറ്റി അം​ഗീകരിച്ച 133 ​ഗുണഭോക്താക്കളും, കമ്മിറ്റി വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 18 കുടുംബങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 

രണ്ടാം ഘട്ടത്തിൽ 68 ഫ്ലാറ്റുകളുടെ പണി പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തത്. പദ്ധതിയുടെ സാങ്കേതിക മേൽനോട്ട ചുമതല നിർവഹിച്ചത് ഹാർബർ എന്‍ജിനീയറിങ് വകുപ്പാണ്. പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതിയിൽ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ക്ഷീരവികസന വകുപ്പിൽ നിന്നും ഫിഷറീസ് വകുപ്പിന് കൈമാറി കിട്ടിയ എട്ട് ഏക്കർ സ്ഥലത്ത് 81 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് പുനർഗേഹം. 2,450 കോടി രൂപയാണ് 2019–2020 സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1398 കോടി രൂപയും വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്ന് 1052 കോടി രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചത്. കടകംപള്ളിയിൽ ഭരണാനുമതി ലഭിച്ച 168 ഫ്ലാറ്റുകളുടെയും വലിയതുറ സെന്റ് ആന്റണീസിൽ ഭരണാനുമതി ലഭിച്ച 24 ഫ്ലാറ്റുകളുടെയും നിർമ്മാണം ഉടൻ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ (96), കാരോട് (24) എന്നിവിടങ്ങളിലായി 120 ഫ്ലാറ്റുകളുടെ പ്രൊപ്പോസലുകൾ സർക്കാർ പരിഗണനയിലാണ്. 

Exit mobile version