Site iconSite icon Janayugom Online

പാഠപുസ്തകങ്ങളിലെ കാവിവല്ക്കരണം; കര്‍ണാടകയില്‍ എഴുത്തുകാരുടെ പ്രതിഷേധം ശക്തമാകുന്നു

പാഠപുസ്തകങ്ങളിലെ കാവിവല്ക്കരണത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ എഴുത്തുകാരുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ സമിതികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഒരു കൂട്ടം എഴുത്തുകാര്‍ രാജി സമര്‍പ്പിച്ചു.

രാഷ്ട്രകവി കുവേമ്പുവിനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ പാഠപുസ്തക പുനഃപരിശോധനാ കമ്മിറ്റി ചെയര്‍മാന്‍ രോഹിത് ചക്രതീര്‍ത്ഥയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും ശക്തമായ പ്രതിഷേധമാണുയരുന്നത്.

എസ് ജി സിദ്ധരാമയ്യ, എച്ച് എസ് രാഘവേന്ദ്ര റാവു, നടരാജ് ബുദാലു, ചന്ദ്രശേഖര്‍ നംഗ്ലി, ഹംപ നാഗരാജയ്യ തുടങ്ങിയവരാണ് ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് സ്ഥാനങ്ങളൊഴിഞ്ഞത്.

മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനും ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ കത്തയച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആദരവ് നിരസിച്ചുകൊണ്ട് വിദ്യാഭ്യാസപ്രവര്‍ത്തകന്‍ വി പി നിരഞ്ജനാരാധ്യയും കാവിവല്ക്കരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി.

അതേസമയം, അഭിഭാഷകരും എഴുത്തുകാരുമടങ്ങുന്ന നിരവധി പേര്‍ ബംഗളുരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുതിര്‍ന്ന അഭിഭാഷകരായ എ പി രംഗനാഥ്, സി എച്ച് ഹനുമന്താര്യ തുടങ്ങിയവരുള്‍പ്പെടെ പങ്കെടുത്തു.

കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് മഹേഷ് ജോഷിയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെയും പുരോഗമന വിദ്യാര്‍ത്ഥി സംഘടനകളുമുള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിച്ചു.

Eng­lish summary;saffronisation in text­books; Writ­ers’ protest inten­si­fies in Karnataka

You may also like this video;

Exit mobile version