പ്രതിരോധ വകുപ്പിന് കീഴില്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സൈനിക് സ്കൂള്‍ നടത്തിപ്പും മോഡി സര്‍ക്കാര്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്, സൈനിക് സ്കൂള്‍ നടത്തുന്നതിന് അനുവാദം നല്‍കപ്പെട്ട ഒരു സ്ഥാപനത്തെയും അതിന്റെ നടത്തിപ്പ് രീതിയെയും കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ പ്രവര്‍ത്തിക്കുന്ന സംവിദ് ഗുരുകുലം ഗേള്‍സ് സ്കൂളിനാണ് സൈനിക് സ്കൂള്‍ നടത്തുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ സ്ഥാപക കൂടിയായ ഋതംഭരയാണ് സ്കൂള്‍ നടത്തിപ്പുകാരി. രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ക്യാമ്പയിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അവര്‍. പ്രസ്തുത സ്കൂളില്‍ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട ഒരു ക്ലാസില്‍ അവര്‍ നടത്തിയ പ്രഭാഷണത്തിന്റെ ഭാഗവും പ്രസ്തുത വാര്‍ത്തയില്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ കാലത്തെ പെണ്‍കുട്ടികള്‍ സാംസ്കാരികമായി അധഃപതിച്ചിരിക്കുന്നുവെന്നും അതിന് പ്രോത്സാഹനം നല്‍കുന്ന വിദ്യാഭ്യാസമാണ് പെണ്‍കുട്ടികള്‍ക്ക് കോളജുകളില്‍ നിന്ന് ലഭിക്കുന്നതെന്നുമായിരുന്നു അവരുടെ വാക്കുകള്‍. സ്ത്രീകള്‍ എന്നും അടിമയായിത്തന്നെ ജീവിക്കണമെന്ന പ്രാകൃതമായ ചിന്താഗതിയുമായി, മനുസ്മൃതിയെ മുറുകെപ്പിടിക്കുന്ന ഇത്തരം ഋതംഭരമാര്‍ക്കാണ് സൈനിക് സ്കൂള്‍ നടത്തിപ്പ് നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത.
ഇതുകൂടി വായിക്കൂ: കാവിവല്‍ക്കരണം പൂര്‍ണമാക്കാന്‍ ചരിത്രം തിരുത്തുന്നു
1961ലാണ് രാജ്യത്ത് ആദ്യത്തെ സൈനിക് സ്കൂള്‍ ആരംഭിക്കുന്നത്. പിന്നീട് 2021–22 വരെയുള്ള കാലങ്ങളിലായി 33 സൈനിക് സ്കൂളുകളാണ് സ്ഥാപിതമായത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം സൈനിക രീതിയിലുള്ള അച്ചടക്കവും ശാരീരിക — മാനസിക ക്ഷമതയുമുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക് സ്കൂളുകള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ സ്ഥാപനത്തില്‍ നിന്ന് സൈന്യത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ പങ്കാളിത്തമാണുള്ളത്. 2013–14ലെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ സൈനിക് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ 20 ശതമാനം സേനയിലെത്തുന്നുവെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ സൈനിക സ്കൂളുകളില്‍ നിന്ന് 11 ശതമാനം പേര്‍ സായുധ സേനയില്‍ ചേര്‍ന്നതായി ഈ വര്‍ഷമാദ്യം രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. 7,000ത്തിലധികം ഓഫിസര്‍മാര്‍ സൈനിക് സ്കൂളുകളുടെ സംഭാവനയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അവകാശപ്പെടുകയും ചെയ്തിരുന്നു. അച്ചടക്കമുള്ള സൈനികരെ വളര്‍ത്തിയെടുക്കുന്നതിലും ഈ സ്കൂളുകള്‍ പങ്ക് വഹിക്കുന്നുണ്ടെന്ന് കണക്കുകളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. പ്രതിരോധ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ രാജ്യസുരക്ഷയും രഹസ്യാത്മകതയുമായി ബന്ധപ്പെട്ടതുകൂടിയാണ് സൈനിക സ്കൂളുകള്‍.
ഇതുകൂടി വായിക്കൂ: പൊതു ഗ്രന്ഥശാലാ ശൃംഖല കാവിവല്‍ക്കരിക്കാന്‍ അനുവദിക്കരുത്
എന്നാല്‍ കൂടുതല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് എന്ന കാരണം പറഞ്ഞ് 2021ല്‍ സൈനിക് സ്കൂളുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ആ രീതിയില്‍ പുതിയ 100 സ്കൂളുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതിയായത്. 2022 മേയ് — 23 ഡിസംബര്‍ കാലയളവില്‍ 50 സ്കൂളുകള്‍ ഈ രീതിയില്‍ നടത്തുന്നതിന് സൈനിക് സ്കൂള്‍ സൊസൈറ്റിയുമായി ധാരണയിലെത്തി. ഇതില്‍ 62 ശതമാനം സ്ഥാപനങ്ങള്‍ ബിജെപി നേതാക്കളുടേതാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. വാര്‍ത്ത സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ബിജെപി-ആർഎസ്എസിന് നല്‍കിയെന്ന കാര്യം ഒറ്റവാക്കില്‍ നിഷേധിച്ചിട്ടുണ്ട്. പകരം സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയാണ് വിശദീകരിക്കുന്നത്. മൂല്യനിർണയ സമിതിയാണ് സ്കൂളുകളെ നിര്‍ദേശിക്കുന്നത് എന്നും പറഞ്ഞിരിക്കുന്നു. സൈനിക് സ്കൂൾ സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറി (ചെയർമാന്‍), സിബിഎസ്ഇ സെക്രട്ടറി, ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് അന്തിമ അംഗീകാരം നല്‍കുന്നത്. പ്രസ്തുത സമിതിയുടെ ഘടന പരിശോധിച്ചാല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് മനസിലാക്കാവുന്നതാണ്. അതേസമയം ആര്‍ക്കൊക്കെയാണ് സ്കൂളുകള്‍ അനുവദിച്ചത് എന്ന് വ്യക്തമാക്കുന്നതിന് തയ്യാറായിട്ടുമില്ല. വിവരാവകാശ നിയമപ്രകാരം ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഋതംഭരയുടെ സ്ഥാപനത്തിന് പുറമേ ബിജെപി നേതാവും അരുണാചൽ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു ഉടമസ്ഥനായ തവാങ്ങിലെ സ്കൂള്‍, ഗുജറാത്തിലെ മെഹ്സാനയില്‍ ബിജെപി മുൻ ജനറൽ സെക്രട്ടറി അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരി നടത്തുന്ന സ്കൂള്‍, ഗുജറാത്ത് സ്പീക്കര്‍ ശങ്കര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബന്‍സയിലെ സ്കൂള്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ 40 സ്കൂളുകള്‍ തീവ്ര ഹിന്ദു സംഘടനകളുമായി ബന്ധമുള്ളവയാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒന്നുപോലും രാജ്യത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മറ്റ് സമുദായ സംഘടനകള്‍ക്ക് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ സൈന്യത്തെ കരാര്‍വല്‍ക്കരണത്തിലൂടെ കാവിവല്‍ക്കരിക്കുന്നതിന് നടപടിയെടുത്തതിന് പിന്നാലെയാണ് സൈനിക് സ്കൂളുകളെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെ കയ്യിലെത്തിച്ചിരിക്കുന്നത്. ഈ പ്രവണത അത്യന്തം അപകടകരമാണ്.