Site iconSite icon Janayugom Online

ചാച്ചാജി വിരുന്നിനെത്തുമ്പോൾ.…

കുട്ടികളുടെ ഹൃദയത്തിൽ കയ്യൊപ്പ് ചാർത്താൻ കഴിയുക എന്നത് അപൂർവം ആൾക്കാർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നമ്മുടെ സ്വന്തം ചാച്ചാജി അത്തരമൊരു ഭാഗ്യത്തിന് ഉടമയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്ന വേളയിൽ കുട്ടികളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി അല്പം ചിന്തയാകാം. വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയിൽ കുട്ടികൾ അവരുടേതായ പങ്ക് വഹിക്കേണ്ടവരാണ്. പാഠപുസ്തകത്തിനപ്പുറത്ത് മാനവികത, സഹജീവി സ്നേഹം എന്നിവ വളരെ ആഴത്തിൽ കുട്ടികളിൽ എത്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക നന്മയ്ക്കായി ഇറങ്ങിപ്പുറപ്പെടുക എന്നത് ഒരു വിദ്യാർത്ഥിയുടെ കടമയാണ്.

പുതിയ കാലത്തിന്റെ പ്രവണതകളിൽ ഒപ്പം ചേർന്നു നടക്കാൻ ശീലിക്കണം. ആധുനിക കാലത്തെ നന്മകളിൽ പ്രധാനമാണ് രക്തദാനം, അവയവദാനം എന്നിവ. ഇത് കുട്ടികളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിക്കേണ്ടത് ആവശ്യകതയാണ്. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി ഉല്പന്നങ്ങൾക്കെതിരെ മുന്നിട്ടിറങ്ങേണ്ടതും കുഞ്ഞുങ്ങളാണ്. തങ്ങളുടെ കൂട്ടുകാരിൽ ആരെങ്കിലും ലഹരിയുടെ പിടിയിൽ അമർന്നു പോകുന്നതിനിടയായാൽ അവരെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി കുട്ടികൾക്കുണ്ട്.
കുട്ടികളുടെ ക്ഷേമം ഒരു പ്രധാനപ്പെട്ട കാര്യമാണ്. വിദ്യാഭ്യാസം പോലെ തന്നെ കുട്ടികളുടെ ആരോഗ്യം പരിപാലിക്കപ്പെടേണ്ടതുണ്ട്. ജങ്ക് ഫുഡിൽ നിന്നുള്ള മോചനമാണ് അതിൽ പ്രധാനം. രസകരമായ വഴികളിലൂടെ ജീവിതത്തെ ആസ്വദിക്കാനുള്ള സാധ്യത കുട്ടികൾക്ക് തുറന്നു കൊടുക്കണം.
വർധിച്ചു വരുന്ന കുട്ടികളിലെ ആത്മഹത്യാ പ്രവണത മറികടക്കണം.. ആത്മവിശ്വാസവും, ധൈര്യവും പകർന്ന് രാജ്യത്തെ ഉത്തമ പൗരന്മാരായി കുട്ടികളെ വളർത്തിയെടുക്കാം.
പ്രായത്തിനനുസൃതമായി കുട്ടികളെ സ്വയം പ്രാപ്തരാക്കാൻ ശീലിപ്പിക്കാം. ഓരോ കാര്യങ്ങൾ ചെയ്ത് ശീലിക്കാനുള്ള ചവിട്ടുപടി നമുക്ക് അവർക്കായി ഒരുക്കിക്കൊടുക്കാം. പഠിച്ച ശേഷം പുസ്തകങ്ങൾ അടുക്കിവയ്ക്കാൻ ശീലിപ്പിക്കുക, വിദ്യാലയത്തിൽ നിന്നും വന്ന ശേഷം കുളി ശീലമാക്കാം. അങ്ങനെ ചിട്ടയായ രൂപാന്തരത്തിലൂടെ ഓരോ കുട്ടിയിലും മാനസിക പരിവർത്തനം സാധ്യമാക്കി എടുക്കാം.
കുഞ്ഞു മനസുകൾക്ക് അഭിനന്ദനം ഒരു പ്രചോദനമാണ്. ചെറിയ കാര്യങ്ങളിൽ അവർ നൽകുന്ന കൈത്താങ്ങിന് ഒരഭിനന്ദനം നൽകിയാൽ അതവരുടെ ഉൾപ്രേരണയെ ഉണർത്തും. കുട്ടികളെ ഒന്നും നിർബന്ധിച്ച് ചെയ്യിക്കരുത്. ചെയ്യാനുള്ള ജോലിയിൽ താല്പര്യം ജനിപ്പിക്കുക എന്നത് പരമ പ്രധാനം.
ഇത്തവണത്തെ ശിശുദിനത്തിൽ നമുക്ക് കുട്ടികളെ ചേർത്തു പിടിക്കാം. കടമകളെയും കാര്യങ്ങളെയും ബോധ്യപ്പെട്ട് ഉത്തമ പൗരന്മാരായി വളർന്നു വരാൻ മുതിർന്നവർ സഹായിക്കുക എന്നതാണ് മുഖ്യം.

Eng­lish Summary:Chachaji arrives at the feast
You may also likethis video

Exit mobile version