Site iconSite icon Janayugom Online

സൈജു തങ്കച്ചൻ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയെ  ചോദ്യം ചെയ്യും

saijusaiju

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്‌റ്റിലായ സൈജു തങ്കച്ചൻ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തൃശൂർ സ്വദേശിയായ ഫെബി ജോണ്‍, സൈജു സംഘടിപ്പിക്കുന്ന നിശാ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നുവെന്ന്‌ കണ്ടെത്തിയിരുന്നു. കാക്കനാട്ടെ സൈജുവിന്റെ ഫ്‌ളാറ്റിൽ നടത്തിയ ലഹരി പാർട്ടിയിൽ ഫെബിനും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇതിന്റെ നാല്‌ വീഡിയോകൾ പൊലീസ്‌ സൈജുവിന്റെ മൊബൈലിൽ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ഫെബിന്‌ പരിചയമുള്ള ഈ സുഹൃത്തുക്കളിൽ ഒരു വനിത ഡോക്‌ടറുമുണ്ടായിരുന്നുവെന്ന്‌ സൈജു പൊലീസിന്‌ നൽകിയ മൊഴിയിൽ പറയുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവർക്കായി അന്വേഷണം ആരംഭിച്ചു. സൈജു ഗോവ, ബംഗളൂരു എന്നിവിടങ്ങളിലൈ നിശാ പാർട്ടികളിൽ സ്ഥിരം സന്ദര്‍ശകനാണ്. ഔഡി കാർ 20 ലക്ഷം രൂപയ്ക്ക് ഫെബിന്റെ പക്കൽ നിന്ന്‌ സൈജു വാങ്ങിയിരുന്നുവെങ്കിലും ഇതിന്റെ ഉടമസ്ഥാവകാശം മാറിയിരുന്നില്ല. കാട്ടുപോത്തിനെ വേട്ടയാടി കറി വച്ചു കഴിച്ചുവെന്ന്‌ സൈജു സുഹൃത്തുക്കൾക്ക്‌ നൽകിയ വാട്‌സ്‌ ആപ്‌ ചാറ്റ്‌ സന്ദേശം കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച്‌ പൊലീസ്‌ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന്‌ വനംവകുപ്പ്‌ വ്യക്തമാക്കി. വനത്തിൽ ചാരായം വാറ്റി ഉപയോഗിച്ചതായും സൈജുവിന്റെ ചാറ്റിലുണ്ട്‌. ഇക്കാര്യത്തിൽ എക്‌സൈസിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തും. എംഡിഎംഎ, ഹാഷിഷ്‌, കഞ്ചാവ്‌ എന്നിവ ഉപയോഗിച്ചതിനെക്കുറിച്ച് സൈജു സുഹൃത്തുക്കളോട്‌ പറഞ്ഞത്‌ ഫോണിൽ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. കലൂരിൽ റെസ്‌റ്റോറന്റ് നടത്തി സമൂഹ മാധ്യമങ്ങളിലൂടെ അറിയപ്പെട്ട ഒരു യുവതിയും സുഹൃത്തുക്കളും സൈജുവിന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരും ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മോഡലുകളുടെ മരണത്തിന് ശേഷം ഗോവയില്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Sai­ju Thankachan will ques­tion the own­er of the used Audi car

You may like this video also

Exit mobile version