വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) നാലാം എഡിഷന്റെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മുംബൈയെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് മുംബൈ നേടിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത മലയാളി താരം സജനയാണ് മുംബൈയുടെ ടോപ് സ്കോറര്‍. അമേലിയ കറും ജി കമലിനിയും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 21 റണ്‍സ് പിറന്നു. അമേലിയയെ പുറത്താക്കി ലോറന്‍ ബെല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 15 പന്തില്‍ നാല് റണ്‍സെടുക്കാനെ താരത്തിന് കഴിഞ്ഞുള്ളു. മൂന്നാമതായെത്തിയ നാറ്റ് സിവിയര്‍ ബ്രന്റിനും (നാല്) തിളങ്ങാനായില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് പിന്നീടെത്തിയത്. ഹര്‍മനും കമലിനിയും ചേര്‍ന്ന് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 പന്തില്‍ അഞ്ച് ബൗണ്ടറികളുമായി 32 റണ്‍സെടുത്താണ് കമലിനി പുറത്തായത്.
അധികം വൈകാതെ ഹര്‍മനെയും പുറത്താക്കി. 17 പന്തില്‍ 20 റണ്‍സെടുത്ത ഹര്‍മനെ നദീനെ ഡി ക്ലര്‍ക്ക്, റിച്ചാ ഘോഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതിന് ശഷം ഒന്നിച്ച മലയാളി താരം സജന സജീവനും നിക്കോള കാരിയും മുംബൈയെ കരകയറ്റി. 15 ഓവറില്‍ മുംബൈ സ്കോര്‍ 100ല്‍ എത്തി. വെടിക്കെട്ട് ബാറ്റിങ്ങുമായി സജന കളം നിറഞ്ഞപ്പോള്‍ തകര്‍ച്ചയിലായിരുന്ന മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി. അവസാന ഓവറിലെ ആദ്യ പന്തില്‍ സജന പുറത്തായി. നിക്കോളാ കാരി 29 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ബംഗളൂരുവിനായി നദീനെ ഡി ക്ലര്‍ക്ക് നാല് വിക്കറ്റും ലോറന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും നേടി.

