Site iconSite icon Janayugom Online

ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കരട് നിയമം തയ്യാറായി:സജി ചെറിയാന്‍

ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. 26-ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിഷന്റെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെയെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അടിയന്തരമായി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ രംഗങ്ങളിലുള്ള കലാകാരന്മാര്‍ക്ക് അവരുടെ അവസാന നാളുകളില്‍ ഒറ്റപ്പെടലില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ സംസ്‌കാരം കാത്തു സൂക്ഷിക്കുന്ന സിനിമാ മ്യൂസിയം തലസ്ഥാനത്തു സ്ഥാപിക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രം ഈ കേന്ദ്രത്തിലുണ്ടാകും. കേരളം ലോകത്തെവിടെയുമുള്ള പൊരുതുന്ന സമൂഹത്തിനോട് ഐക്യദാര്‍ഢ്യപ്പെടുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന ചലച്ചിത്രോത്സവമായിരുന്നു ഇത്തവണത്തേതെന്ന് പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍ പറഞ്ഞു. സ്ത്രീകള്‍ സംവിധാനം ചെയ്തത് കൊണ്ടു മാത്രമല്ല അപരാജിതയായ പെണ്‍കകുട്ടി വിശിഷ്ടാതിഥിയായി ഉദ്ഘാടന ചടങ്ങില്‍ പൊതു സമൂഹത്തിനു മുന്നില്‍ സാന്നിദ്ധ്യം അറിയിക്കുകയും അതിജീവനത്തിന്റെ ജീവിക്കുന്ന ഉദാഹരണം ലിസ ചലാനെ പോലുള്ള സംവിധായകര്‍ എത്തുകയും ചെയ്തത് കൊണ്ടു തന്നെ സ്ത്രീകളുടെ ചലച്ചിത്രോത്സവമായി ഈ മേള മാറിയെന്ന് ടി. പത്മനാഭന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Saji Cher­ian drafts law to ensure wom­en’s safe­ty in film industry

You may like this video also

Exit mobile version