Site icon Janayugom Online

അവശരായ കലാകാരന്മാരെ ഏറ്റെടുത്തു സംരക്ഷിക്കുന്നതിന് സംരക്ഷണ കേന്ദ്രം ആരംഭിക്കും: മന്ത്രി സജി ചെറിയാന്‍

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നാരംഭിക്കുന്ന മഴമിഴി പദ്ധതിയുടെ കര്‍ട്ടണ്‍ റെയ്‌സര്‍ വിഡിയോ പ്രകാശനച്ചടങ്ങിനെത്തിയ ശ്രീകുമാരന്‍ തമ്പിയെ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. മഴമിഴി പ്രോഗ്രാം കവീനറും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദര്‍ശന്‍ കുന്നത്തുകാല്‍, പ്രോഗ്രാം എക്‌സ്‌പേര്‍ട്ട് കമ്മറ്റി അംഗങ്ങളായ ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ കാര്‍ത്തികേയന്‍ നായര്‍, ഭാരത്് ഭവന്‍ നിര്‍വാഹക സമിതി അംഗം റോബിന്‍ സേവ്യര്‍ തുടങ്ങിയവര്‍ സമീപം

അവശരായ കലാകാരന്മാരെ ഏറ്റെടുത്തു സംരക്ഷിക്കുന്നതിന് സംരക്ഷണ കേന്ദ്രം ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. കലാകാരന്മാര്‍ക്ക് സനാഥരാണ് എന്ന അത്മവിശ്വാസത്തോടെ ജീവിതാവസാനംവരേയും കലാപ്രവര്‍ത്തനം തുടരുന്നതിനാവശ്യമായ സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നാരംഭിക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പങ്ങളും അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ജില്ലാ ആസ്ഥാനങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത്തരം കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ വിപണനവും ആരംഭിക്കും. മലയാളം മിഷന്റെ സഹകരണത്തോടെ രാജ്യത്തിനു പുറത്തും വിപണന സാധ്യതകള്‍ കണ്ടെത്തും. കായംകുളത്ത് കെപിഎസിയുടെ ആസ്ഥാനത്ത് സ്ഥിരം നാടകവേദിയാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ സാംബശിവന്റെ പേരില്‍ കഥാപ്രസംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥിരം വേദിയും പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കലാകാരന്മാര്‍ക്ക് അവരുടെ ഇടങ്ങിലേക്ക് ചെന്ന് കലാവതരണത്തിനുള്ള അവസരവും സാമ്പത്തിക സഹായവും നല്‍കുന്ന മഴമിഴി പദ്ധതി ഈ സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരുമെന്നും മന്ത്രി പറഞ്ഞു. കലാകാരന്മാരുടെ സംരക്ഷണത്തിനാണ് സര്‍ക്കാറിന്റെ സാംസ്‌കാരിക നയം പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് മഴമിഴി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി ഒരു കോടി രൂപാണ് വകയിരുത്തിയത്. 3000ത്തോളം കലാകാരന്മാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ തുക വകയിരുത്തി കൂടുതല്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

You may also  like this video:

Exit mobile version