Site iconSite icon Janayugom Online

ഡല്‍ഹിയില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയാക്കി

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിച്ച് ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലുകളാണ് തിങ്കളാഴ്ച ഡല്‍ഹി നിയമസഭ പാസാക്കിയത്.
നിയമമന്ത്രി കൈലാഷ് ഗെലോട്ടാണ് ശമ്പളവും അലവന്‍സുകളും 66 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള അഞ്ച് ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സും പ്രതിമാസം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായി വര്‍ധിക്കും. മറ്റ് സംസ്ഥാനങ്ങളിലെ എംഎല്‍എമാരെ അപേക്ഷിച്ച് ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം ഏറ്റവും താഴ്ന്നതാണെന്ന് എഎപി സര്‍ക്കാര്‍ പല അവസരങ്ങളിലും അവകാശപ്പെട്ടിരുന്നു.
പുതിയ ഭേദ​ഗതി അനുസരിച്ച്‌ ഡല്‍ഹിയിലെ എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 30,000 രൂപയാണ്. നിലവില്‍ 12,000 രൂപയായിരുന്നു അടിസ്ഥാനശമ്പളം. മണ്ഡലത്തിനുള്ള അലവന്‍സ് 25,000 രൂപയായി ഇനി ഉയരും. 15,000 രൂപയാണ് സെക്രട്ടേറിയല്‍ അലവന്‍സ്. 10,000 രൂപ ടെലിഫോണ്‍ അലവന്‍സും 10,000 രൂപ ഗതാഗത അലവന്‍സും ലഭിക്കും.
അതേസമയം രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് കേരളത്തിലെ എംഎല്‍എമാര്‍ക്കാണ്. പ്രതിമാസം 43,750 രൂപയാണ് കേരളത്തിലെ നിയമസഭാം​ഗങ്ങളുടെ വേതനം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നിയമസഭാംഗങ്ങള്‍ തെലങ്കാനയിലാണ്. പ്രതിമാസം 2,50,000 രൂപയാണ് വേതനം. ഈ കണക്കില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തെലങ്കാനയ്ക്കു തൊട്ടുപിന്നിലുണ്ട്. 

Eng­lish Sum­ma­ry: Salaries of MLAs and min­is­ters in Del­hi doubled 

You may like this video also

Exit mobile version