Site iconSite icon Janayugom Online

മാധ്യമം ദിനപത്രത്തിലെ ശമ്പള പ്രതിസന്ധി: രാപ്പകൽ ഉപവാസ സമരം തുടങ്ങി

മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടങ്ങി. വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡ് ഓഫിസിനു മുന്നിൽ നടക്കുന്ന സമരം കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോഡി ഉണ്ടാക്കിക്കൊടുത്ത ലേബർ കോഡിന്റെ സൗകര്യം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്മെന്റിന്റെ ശ്രമമെന്നും അതിനെതിരായ തൊഴിലാളികളുടെ സമരം കേരള പൊതുസമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉപവാസമിരിക്കുന്ന കെ പി റെജിയെ എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ, കെഎൻഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം അബ്ദുൾ ഹമീദ്, സേവ നാഷനൽ കൗൺസിൽ അംഗം ലോലിത എന്നിവർ ഹാരാർപ്പണം നടത്തി. കെഎൻഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സമര വിശദീകരണം നടത്തി. ബിജു ആന്റണി (എച്ച്എംഎസ് ജില്ല പ്രസിഡന്റ്), കെ പി വിജയകുമാർ (സീനിയർ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി), അഡ്വ. എം രാജൻ (ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി), ഒ കെ മുരളീകൃഷ്ണൻ (യുവകലാ സാഹിതി), കെ അജിത (അന്വേഷി പ്രസിഡന്റ്) തുടങ്ങിയവർ സംസാരിച്ചു. കെയുഡബ്ല്യുജെ ജില്ല പ്രസിഡന്റ് ഇ പി മുഹമ്മദ് സ്വാഗതം പറഞ്ഞു. 

Exit mobile version